Saturday, December 1, 2007

വാക്കും നോക്കും

വാക്കിന്റെ മൂര്‍ച്ചയിതു തെല്ലു കുറച്ചിടാനും
നോക്കിന്റെ മാര്‍ദ്ദവമൊരല്പമതേറ്റിടാനും
കാക്കുന്ന ദൈവമെനിയ്ക്കു തുണച്ചിരുന്നാല്‍
ആക്കില്ല ക്രൂര, യിതു സത്യ, മറിഞ്ഞുകൊള്‍ക!

വാക്കെങ്ങു വേണമതറിഞ്ഞിരുന്നാ-
ലേല്‍ക്കേണ്ട പോലെയതുതന്നെ പറഞ്ഞിരുന്നാല്‍
കേള്‍ക്കേണ്ടവര്‍ കേള്‍ക്കുക തന്നെ ചെയ്യും
വാക്കിന്നു വാളിന്‍ സമമെന്നു ചൊല്‍വൂ!

നോക്കിന്നസാരം കഴിവുണ്ടു നൂനം
നോക്കാലെ വാക്കിന്‍പണി ചെയ്തിടാം, ഹേ!
വാക്കിന്നുമാധുര്യമതേറുമെങ്കില്‍
നോക്കിന്റെ കാരുണ്യമതൊന്നു വേറെ!

നാക്കാകിലും, സ്വാന്തനശബ്ദമോലും
നോക്കാകിലും പുനരിതറിഞ്ഞു കൊള്‍ക
ഓര്‍ക്കാപ്പുറത്തെദ്ദുരുപയോഗമിന്നു
തീര്‍ത്താല്‍ തിരുത്തായതു മാറിടുന്നു.

5 comments:

വല്യമ്മായി said...

നല്ല കവിത,എപ്പോഴും മനസ്സില്‍ കരുതേണ്ട ചില സത്യങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

മനോഹരമായ വരികള്‍.

ശ്രീലാല്‍ said...

ചെറുപ്പത്തില്‍ എന്റെ അമ്മയുടെ അച്ഛന്‍ ചൊല്ലിത്തരുമായിരുന്നു ഒരു പാടു ശ്ലോകങ്ങള്‍. നല്ല ശീലങ്ങളെപ്പറ്റിയും നല്ല മൂല്യങ്ങളെപ്പറ്റിയും ഒക്കെ. ശ്ലോകങ്ങള്‍ ഒന്നും മന:പാഠമാക്കിയിരുന്നില്ലെങ്കിലും അവയുടെ സത്തയും വെളിച്ചവും മനസ്സില്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. അത്രയ്ക്കുണ്ട് ആ വരികളുടെ ശക്തി.

നിങ്ങളുടെ ഈ കവിതകള്‍ വായിക്കുമ്പോളെല്ലാം എനിക്ക് മനസ്സില്‍ തോന്നുന്നത് കുട്ടികാലത്തെ ആ ഓര്‍മ്മകളാണ്.

നന്ദി. എഴുതൂ, ഇനിയും.

സസ്നേഹം,
ശ്രീലാല്‍

jyothi said...

അയ്യോ!ഒരല്പം കൂടുതല്‍ പൊക്കി...ഹേയ്...അതൊന്നുമല്ല കാര്യം...കവിതകള്‍ ഹ്രുദ്യമാകന്‍ ആസ്വാദകനും കഴിവുള്ളവനാകണം.നിങ്ങളുടെയൊക്കെ പ്രതികരണമാനെന്റെ ശക്തി...നന്ദി.

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നുട്ടോ..
തുടര്‍ന്നും എഴുതുക

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...