Friday, April 25, 2008

ദു:ഖങ്ങളേ...ഇനിയുറങ്ങൂ.....


ഉറങ്ങിക്കിടക്കുമെന്നാത്മ നൊമ്പരങ്ങളേ

യെനിയ്ക്കോതിടാനില്ലയൊന്നും,സുഖമാ-

യുറങ്ങൂ, വിളിച്ചില്ലയാരും ,പതുക്കെ

മറന്നൊരു നാ‍ളെ തന്‍ സ്വപ്നങ്ങള്‍ കാണൂ!

സഹിയ്ക്കാന്‍ പഠിപ്പിച്ചു നീയെന്നെ,യൊട്ടു

ത്യജിയ്ക്കാന്‍, മറക്കാന്‍, മനസ്സിന്റെയുള്ളി-

ലൊരൊട്ടു മറച്ചിതു വയ്ക്കാന്‍, കഴിഞ്ഞി-

ല്ലൊരിയ്ക്കലും വാളൊന്നു മൂര്‍ച്ചകൂട്ടീടാന്‍,

മനസ്സില്‍ വിദ്വേഷത്തിന്‍ വിത്തൊന്നു പാകാന്‍,

കഴുത്തൊന്നുവെട്ടാന്‍, കുതിച്ചുപൊങ്ങീടും-

കടുത്ത വിഷാദം കടിഞ്ഞാണിലേറ്റാന്‍

എനിക്കാവതില്ലല്ലോ,യിന്നും നിനച്ചാ-

ലെനിയ്ക്കില്ല ധൈര്യം പലതും നിനച്ചീ-

കരുക്കളെ നീക്കാന്‍, കുരുക്കാ,നരിയ്ക്കു

തലയ്ക്കു മുകളിലായ് ഖഡ്ഗം പിടിയ്ക്കാന്‍,

തനിയ്ക്കു താന്‍പോരിമയിന്നിതു കാട്ടാന്‍!

എനിയ്ക്കു വഴി നേരെയൊന്നിതുമാത്രം,

എനിയ്ക്കു തുണയായിതെന്‍ നിഴല്‍ മാത്രം,

മിഴിയ്ക്കു നനവെന്‍ വിധി തന്റെ കോട്ടം,

മൊഴിയ്ക്കു മധുരമതിന്നെന്റെ നേട്ടം!
Sunday, April 20, 2008

ദേജാ വു (Deja vu)


ഉറക്കെപ്പറയാനെനിയ്ക്കാവതില്ലെ-

ന്നിരിയ്ക്കെ,പ്പതുക്കെപ്പറയട്ടെയെന്നൊ-

ന്നൊരിയ്ക്കല്‍ ഞാന്‍ കണ്ടിട്ടിതെന്നുള്ള സത്യ,

മെനിയ്ക്കും കഴിവില്ലിതെന്നെന്നു ചൊല്ലാന്‍!

ഉറപ്പാണെനിയ്ക്കോര്‍മ്മയുണ്ടെന്നതെന്നാ-

ണുറ‍ക്കത്തില്‍ ഞാന്‍ കണ്ട സ്വപ്നത്തിലാവാം,

തുറക്കാതെ ഞാന്‍ പൂട്ടി വച്ചെന്‍ മനസ്സി-

ന്നറയ്ക്കുള്ളിലെങ്ങാണ്ടു വച്ചൊന്നതാവാം,

കണക്കൊട്ടുകൂട്ടും മനസ്സിന്‍ കുരുക്കി-

ലകപ്പെട്ടതാവാം, ദിവാസ്വപ്നമാവാം,

ഒരേപോലെയെട്ടെന്നതാരോ പറഞ്ഞി-

ന്നതായിടാം, മോഹമാവാം, ചിലപ്പോള്‍

സമാന്തരപ്രാപഞ്ചസിദ്ധാന്തമെന്ന

ഭ്രമത്തിന്‍ കളിയതുമൊന്നയിടാമൊരു-

ക്ഷണത്തിന്റെ മാറ്റത്തില്‍ സംഭാവ്യമാകും

ഒരാള്‍ തന്നെ വിത്യസ്തമാം പ്രപഞ്ചങ്ങളില്‍

ഒരേപോലെയല്ലെങ്കില്‍ വ്യത്യസ്തരായി-

ട്ടിരിയ്ക്കാം, ,നിനയ്ക്കാം , നയിച്ചിടാം ജീവ-

ന്നിതിന്റെ രഹസ്യമാം പ്രാപഞ്ച തത്വ-

മതിന്‍ വേലയാകാ,മറിയില്ലെനിയ്ക്കി-

ന്നൊരുത്തരം നേരെയേകാനതെന്നാ-

ലെനിയ്ക്കിത്രമാത്രം നിജം മമ ഭാഷ്യ-

മിതിന്നെന്തു ഹേതു, പറവാനിതാകാ!

രഹസ്യങ്ങളില്ലെങ്കിലില്ലല്ലൊ ഭൂവില്‍,

മനുഷ്യരില്‍, ദൈവത്തിനിന്നുള്ള സ്ഥാനം.

മനുഷ്യന്‍ മായയാല്‍ ബന്ധനസ്ഥനല്ലെങ്കിലോ,

മനുഷ്യനും ദൈവവുമെന്തുണ്ടു ഭേദം?


Wednesday, April 16, 2008

നിവേദനം


കണ്ടതു സത്യം തന്നെ ,

കണ്ടില്ലെന്നു പറഞ്ഞതും സത്യം!

കാണാനിഷ്ടപ്പെടാത്തതാണല്ലൊ ഞാന്‍ കണ്ടതും!


കേട്ടതു സത്യം തന്നെ,

കേട്ടില്ലെന്നു നടിച്ചതും സത്യം!

കേള്‍ക്കാനിഷ്ടപ്പെടാത്തതാണല്ലോ ഞാന്‍ കേട്ടതും!


പറഞ്ഞതു സത്യം തന്നെ,

പറഞ്ഞുവെന്നു പറഞ്ഞതും സത്യം!

പറയേണ്ടതു പറയാതെ പറ്റില്ലല്ലോ!

കണ്ടതും, കേട്ടതും, പറഞ്ഞതും

കണ്ണും, ചെവിയും, നാക്കുമല്ലേ?

കാണാനല്ലെ കണ്ണു?

കേള്‍ക്കാനല്ലേ ചെവി?

പറയാനല്ലേ നാക്കു?

പിന്നെ ഞാനെന്തു തെറ്റു ചെയ്തു?


കണ്ണും ,കാതും, വായുമടച്ചു

ഒന്നുമേ കാണാതെ,

കേള്‍ക്കാതെ, പറയാതെ

തെറ്റിനെ ശരിയാക്കി,

എനിയ്ക്കു ജീവിയ്ക്കണ്ടാ!


ഇന്നലയുടെ തെറ്റിനെ ,

ഇന്നിന്റെ ശരിയാക്കി,

നാളെയുടെ തത്ത്വമാക്കാന്‍ എനിയ്ക്കാവില്ല!


മറക്കാം ,പക്ഷേ മറയ്ക്കാനാവില്ല

കരയാം ,പക്ഷേ കരയിയ്ക്കാനാവില്ല,

താഴാം, പക്ഷെ താഴ്ത്താ‍നാവില്ല!


എന്റെ മോഹങ്ങളെ കെട്ടിപ്പിടിച്ചു

എന്റെ സ്വപ്നങ്ങളീല്‍ മുഴുകി

ഞാന്‍ ഒന്നൊഴുകിക്കോട്ടെ?


എന്തിനാണീ തടവറ?

എന്തിനാണീ ബന്ധനം?

എന്നെയൊന്നു മോചിപ്പിയ്ക്കില്ലേ?


Tuesday, April 15, 2008

ഇടയനെയും കാത്തു......


ഞാന്‍ ശപിയ്ക്കില്ല.

എന്റെ വഴികളില്‍ നിങ്ങള്‍ മുള്ളു വിതറി

എന്റെ മുഖത്തു കരി തേച്ചു

എന്റെ പിന്നില്‍ നിന്നു കുറ്റം പറഞ്ഞു

എന്നെ അവഹേളിച്ചു

എനിയ്ക്കു പരാതിയില്ല

എന്റെ ഹൃദയത്തിനു പാപഭാരമില്ല

എന്റെ കൈകളില്‍ രക്തക്കറയില്ല

എനിയ്ക്കു തല കുനിയ്ക്കേണ്ടതില്ല

ക്രൂശിയ്ക്കപ്പെടുന്നതില്‍ ഖേദവുമില്ല

എനിയ്ക്കു സങ്കടങ്ങളീല്ല

അതിമോഹങ്ങളുമില്ല

അക്കരപ്പച്ചകളെയോര്‍ത്തു ഞാന്‍ കേഴാറില്ല

ക്രൂശിതന്റെ രക്തം കുടിയ്ക്കുന്നവരോടു

സഹതാപമേയെനിയ്ക്കുള്ളൂ!

എന്നെ മുതലാക്കിയവരോടു

എന്റെ തണലില്‍ തിന്നു കൊഴുത്തു

എന്റെ മാളത്തിലുറങ്ങീ

എന്നെ വിഴുപ്പുഭാരമേറ്റിപ്പിച്ചവരോടു

ഒന്നേ എനിയ്ക്കു പറയാനുള്ളൂ..

തോല്‍പ്പിച്ചെന്നഹങ്കരിയ്ക്കല്ലേ...

തോറ്റതു ഞാനല്ലല്ലോ!

വരും കാലത്തിന്‍ മണിയൊച്ച

ഞാനിതല്ലോ കേള്‍പ്പൂ..

കുഞ്ഞാടുകളിനിയും കരയും, പക്ഷേ

ഇടയന്‍ വന്നെത്താതിരിയ്ക്കില്ല

അവനു വരാതിരിയ്ക്കാനാവില്ലല്ലോ?

അവനു വേണ്ടിയാണല്ലോ

എന്റെയീ കാത്തിരിപ്പും ക്ഷമയും

മുള്‍ക്കിരീടം പേറിയുള്ള നില്‍പ്പും!


Wednesday, April 9, 2008

വിഷു


വന്നെത്തിയല്ലോ ഒരുവിഷുവും കൂടിയിന്നു

സ്വര്‍ണ്ണത്തേരിങ്കലോര്‍മ്മതന്‍ സുഖ-ദു:ഖങ്ങളെ-

യെന്നെയോര്‍മ്മിപ്പിച്ചീടാന്‍,വലിയ്ക്കാന്‍ പുറകോട്ടി-

തെന്നിലെക്കുട്ടിത്തത്തെയൊന്നുണര്‍ത്തീടാന്‍, പിന്നെ

യെന്നെന്നൊ നഷ്ടപ്പെട്ട ബാല്യത്തിന്‍,കൌമാരത്തിന്‍

എന്തെന്തെല്ലാമോ ഓര്‍ത്തു ദു:ഖിച്ചീടുവാ,നിന്നു

മണ്മറഞ്ഞോരെന്‍ പ്രിയര്‍ തന്നെയോര്‍ത്തിടാന്‍, പിന്നെ

കൈനീട്ടി വാങ്ങാറുള്ള വിഷുക്കൈനീട്ടത്തിനെ

കാത്തു മിഠായിച്ചെപ്പിനുള്ളില്‍ ഞാന്‍സൂക്ഷിച്ചതും

കൈ രണ്ടും കാതില്‍പ്പൊത്തി പടക്കം പൊട്ടിച്ചതും

ചൂടുള്ള കമ്പിത്തിരിയൊന്നതില്‍ചവിട്ടീട്ടു

കാല്‍ പൊള്ളിച്ചതു,മേറെക്കരഞ്ഞ നേരത്തമ്മ-

യെടുത്താശ്വസിപ്പിച്ചിട്ടുമ്മ വച്ചൊട്ടുസ്നേഹാല്‍

വറുത്തുപ്പേരി കൈയില്‍ തന്നതു,മനിയനെ

ക്കൊതിപ്പിച്ചതു തിന്നു സാഫല്യം നേടുംനേര-

മൊരൊട്ടു പൊള്ളല്‍ തന്റെ വേദന മറന്നതു-

മിതൊക്കെയോര്‍മ്മിപ്പിയ്ക്കാ‍നായിതോ വിഷു വന്നൂ?


ഒരുക്കട്ടെ ഞാന്‍ കണി,യോര്‍ക്കട്ടെ കഴിഞ്ഞൊരാ-

മറക്കാനരുതാത്തതാത്ത നിമിഷങ്ങളെ,വീണ്ടും

വരുവാനിരിയ്ക്കുന്ന നല്ലകാലത്തെയൊട്ടി-

തെതിരേല്‍ക്കട്ടേ,നന്മ വരട്ടേയെല്ലാവര്‍ക്കും!

കണിക്കൊന്നയും തേങ്ങ, മാങ്ങയും ,പനസവും

ഫലമൂലാദികളു, മടയ്ക്ക വെറ്റിലയു-

മരികെ ക്കൃഷ്ണന്‍ തന്റെ പടവും, പുതു മുണ്ടു-

ദശപുഷ്പവും, അഷ്ടമംഗല്യം ,കണ്ണാടിയു-

മിതൊക്കെ വെച്ചെന്‍ കണീ തയ്യറാക്കട്ടെ,പിന്നെ

യടുക്കളയില്‍ സദ്യയൊരുക്കാനുമുണ്ടല്ലൊ!

വരട്ടേയെല്ലാവര്‍ക്കും നല്ല നാളുകള്‍ ദൈവം-

തരട്ടേ ക്ഷേമം, സമ്പല്‍ സമൃദ്ധിയെല്ലാവര്‍ക്കും

ഒരിയ്ക്കല്‍ക്കൂടിവിഷുദിനത്തിന്നാശംസക-

ളിരിയ്ക്കട്ടെ,കണ്ടീടാം പുതുവത്സരത്തിങ്കല്‍!


Friday, April 4, 2008

പുഴയുടെ സ്വപ്നം


യാത്ര ഞാന്‍ തുടങ്ങിയിട്ടൊട്ടേറെ നാളായൊരു-
മാത്ര പോലുമേയെടുത്തില്ല വിശ്രമം തെല്ലും,
ഓര്‍ത്തുപോകുന്നു മാരി് നിര്‍വിഘ്നം ചൊരിഞ്ഞൊരാ-
രാത്രി ,ഞാന്‍ ജന്മം കൊണ്ടു പുഴയായ് ,സന്തോഷത്താ-
ലാര്‍ത്താത്തു ചിരിച്ചുല്ലസിച്ചൊരുനിമിഷവു-
മോര്‍ത്തിടില്‍ മനമൊട്ടു കുളിര്‍പ്പു,വെന്നാകിലു-
മാമല മുകള്‍നിന്നു താഴോട്ടു പതിയ്ക്കുമ്പോ-
ളാകുലചിത്തത്തോടെ വാവിട്ടു കരഞ്ഞതും
ഒരൊട്ടു നേരം കഴിഞ്ഞില്ലതിന്‍ മുന്‍പേ യെനി-
യ്ക്കൊരല്പമാശ്വാസത്തിന്‍ കൈകളായൊരുപാടു-
ചെറുനീരുറവകളെത്തിയെന്‍ സഖികളാ-
യധികം വേഗാല്‍ പോകാനൂക്കതു പിടിച്ചതും
കളിയും ചിരിയുമായ് കളനാദത്താല്‍ ഞാന-
ന്നനങ്ങിക്കുണുങ്ങീക്കൊണ്ടനര്‍ഗളമായ് പേടി-
യതൊട്ടു മറന്നേറെയൊഴുകീടവേയാരോ
പറഞ്ഞു, പ്രിയന്‍ തന്നെക്കാണുവാനിനിയില്ല-
യധികം ദൂരം, ഓര്‍ക്കുമ്പോഴെന്റെ മനം തുടി-
യതൊന്നു കൊട്ടീടുന്നു, കേള്‍ക്കുവാനില്ലേ?യിനി
യൊരൊറ്റ മോഹം മാത്രമലിയാനവനിലായ്!
ഒഴുക്കിന്നിതുനിര്‍ത്തി ജന്മസാഫല്യം നേടാന്‍!About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...