Monday, January 28, 2008

ശവമഞ്ചം പേറുന്നവര്‍


നീങ്ങുന്നു യാന്ത്രികമായി മുന്നോട്ടു


വരിതെറ്റാത്ത കാലുകളുടെ കൂട്ടം.


അരിച്ചിറങ്ങുന്ന ഉറുമ്പുകള്‍പോലെ


നിശ്ശബ്ദമായൊരു അവസാന യാത്ര.
കണക്കുകള്‍ ,കൂട്ടിയതും കൂട്ടാത്തതും,


എത്രയോ ബാക്കി വെച്ചു


കണക്കില്‍ ഒതുക്കാനാവാത്ത


ഒരു യാത്രയ്ക്കു തുടക്കമായി.
പകലിന്റെ മിഴിവിലും ഇരുള്‍ പടര്‍ത്തി


പ്രിയമോലും മക്കളെപ്പിന്നിലാക്കി


ഒരു രോദനത്തിന്‍ മുറവിളിയീ-


വരികളൊപ്പിച്ചുള്ള യാത്രയായി.
ഒരു തോളിലേറ്റുന്ന മഞ്ചയൊപ്പം


മനസിലുയരും കദനഭാരം


പിടിവിട്ടു പോകായ്കെനിയ്ക്കുനാളെ


യിതുവഴി പോയിടാനുള്ളതല്ലോ?


Saturday, January 26, 2008

പോര്‍വിളി


ഒരു നെടുവീര്‍പ്പുയരുമ്പോള്‍

ഒരായിരം സ്വപ്നങ്ങളുടെ ചിതയെരിയുന്നു

ഒരുക്കിക്കൂട്ടിയ സ്വപ്നങ്ങള്‍

കൊരുത്ത നൂലിന്‍ ശക്തിക്കുറവാല്‍.എനിയ്ക്കു തെളിയ്ക്കാനൊരു തേരു തരൂ

ജയിയ്ക്കാനൊരു പോരാളിയേയും

എന്റെ സാരഥ്യം ഒന്നു കാ‍ണിയ്ക്കാന്‍

ഒരല്പം സമയവും.ഇന്നിന്റെ തോല്‍വിയെ,

ഇന്നലെയുടെ സ്വപ്നങ്ങളെ

നാളെയുടെ വിജയമാക്കാന്‍

എനിയ്ക്കാത്മ വിശ്വാസമേകൂ!എനിയ്ക്കിനിയുമുണ്ടല്ലോ ഒരുപാടു സ്വപ്നങ്ങള്‍

ഉറപ്പുള്ള നൂലില്‍ കോര്‍ക്കാനായി

അവയെനിയ്ക്കു നഷ്ടപ്പെടാനാവില്ല

എവിടെയെന്‍ പോരാളി? തേരിതു തയ്യാറല്ലൊ!

വെള്ളക്കൊടി


എന്റെ കണക്കുകൂട്ടലുകളെവിടെയോ പിഴയ്ക്കുന്നു.

കുത്തിക്കുറിച്ചതു സത്യങ്ങള്‍ മാത്രം,

തിരുത്താനായി ശ്രമിച്ചതു തെറ്റുകളെയും,

പാഴ്ശ്രമമായതെന്തോ, യെനിയ്ക്കറിയില്ല.


ഞാനെന്ന എന്റെ വിചാരങ്ങളെ

എന്നിലെയെന്നിനു നന്നായറിയാം

എന്റെ ചെയ്തികള്‍ക്കാരേ വിലപറയുന്നു?

എനിയ്ക്കു കൈച്ചങ്ങലയിടുവതിനോ?


ഒരു വിജയക്കൊടിയ്ക്കുവേണ്ടിയല്ല,

എന്റെ കാഹളം ഞാനൂതിയതു,

അതെന്റെ അഹങ്കാരത്തിന്റെ മുഴക്കവുമല്ല,

ഞാനൊന്നേ ആശിച്ചുള്ളൂ, സമാധാനം!


നിങ്ങളില്‍ അസന്തുഷ്ടി പരത്താന്‍

ഞാനൊട്ടും ആശിച്ചതില്ല

എന്നിലെയെന്നെയറിയാത്തവരോടൊന്നു പറഞ്ഞോട്ടേ,

നിങ്ങള്‍ക്കു സമാധാനം വരട്ടെ!Friday, January 18, 2008

അപൂര്‍വ നാണയങ്ങള്‍!


പകലിന്‍ വെട്ടം,
പാട്ടിന്‍ മധുരം,
പല പല വട്ടം,
മനമതിലിഷ്ടം!

കനവിന്‍ പൊട്ടും,
മനസിന്‍ കൊട്ടും,
വിരുതതു കാട്ടും,
വില പറയൊല്ലാ!

ഇരുളിന്‍ ദു:ഖം,
ഇണ തന്‍ സ്വപ്നം,
കരുണ പൊഴിയ്കും,
കളി പറയല്ലെ!

വാക്കിന്‍ തൂക്കം,
നോക്കിന്‍ സ്നേഹം,
കാക്കും ദൈവം,
വാക്കിതു സത്യം!

ലാക്കിന്‍ വേഗം,
തോക്കിന്‍ ശബ്ദം,
കേക്കാമാര്‍ക്കും,
കാപ്പതു മര്‍ത്യന്‍.

ഓര്‍പ്പതു പലതും,
ഒത്തതു ചിലതും,
പാര്‍ത്തതു വേറെ,
തീര്‍ത്തിതു നമ്മള്‍!

ആര്‍ത്തിതു നീയും,
കേള്‍പ്പതു ഞാനും,
ഭൂത്തടമിന്നിന്‍,
സൂത്രമിതെന്തോ?

Tuesday, January 15, 2008

കടലിന്റെ രോദനം


കടല്‍ തന്നുടെയാത്മബന്ധം,കരയെന്തിനു സ്വന്തമെന്നിതോര്‍പ്പൂ?

കടലിന്നു സ്വയം നിലനില്‍പ്പിനായി, ക്കരവേണമതിന്നു സത്യമാവാം.

തിര വന്നു തിരിച്ചു പോയിടുന്നു, പലതും മന്ത്രണമോതി മെല്ലെ

ഒരു വേള തിരിച്ചു വന്നിടാമൊരു വാഗ്ദാനമതോതിടുന്നതാവാം.


പലതോര്‍ത്തു വിഷാദ ഭാവമോലും കടലിന്‍ മനമാരിതിന്നറിഞ്ഞു?

പലജീവികളാശ്രയം നിന്‍ ഉദരത്തിലതിന്നു തേടിടുന്നു

ഒരു രക്ഷകനായവര്‍ തന്‍ സുഖമിന്നതു നിന്റെ ജീവ ലക്ഷ്യം

വരുമൊത്തിരി ഭീഷണങ്ങളെക്കരുതി വ്രുഥ കേഴ്വതെന്തിനായി?


ഇഹ ശക്തിയതാര്‍ക്കു കേമം, വിജയിക്കുന്നവര്‍,ദീനത കേല്‍പ്പതിന്നാര്‍?

ഒരുവേള മനസ്സില്‍ വേണ്ടവണ്ണം കരുതീടുക, ദു:ഖമതൊട്ടു പോകാം

കരയെന്തിതറിഞ്ഞിതാഴി തന്റെ കദനം, തെല്ലുമറിഞ്ഞിടാതെ

കടലിന്‍ ചെറുചുംബനങ്ങളെ ക്കൊതിയോടെപ്പുണരുന്നു,വീണ്ടുമയ്യോ!.Monday, January 14, 2008

കാണാക്കിനാ‍വുകള്‍


ഒരു പല്ലവി പാടാന്‍, ഒരുമോഹമുദിച്ചു,

ഒരു പുഞ്ചിരിയേകാന്‍, മനമൊട്ടു കൊതിച്ചു.

നിഴലായി പതിയ്ക്കാന്‍ തവ സന്നിധമെത്താന്‍

നിനവെന്നിലുണര്‍ന്നു,പലവേള മനസ്സില്‍.


കനവിന്‍ മിഴിവായ് നീ മനമേറിയതെന്നോ,

ഘനമേറിയതെന്നില്‍ മിഴി നട്ടൊരു നേരം

ഇരുളെങ്ങു മറഞ്ഞു, സ്ഥലബോധമകന്നു,

ഇഹലോകമിതില്‍ ഞാന്‍,ഒരു പുല്‍ക്കൊടി മാത്രം!Tuesday, January 8, 2008

അക്കരപ്പച്ച തേടി.......


ചക്രവാളം തുടുത്തു,

വരവായാദിത്യദേവന്‍.

ഇന്നിനെയെതിരേല്‍ക്കണ്ടെ?

ആരവിടെ?

എത്രയോ ബാക്കി കിടക്കുന്നു,

പിടിച്ചടക്കണ്ടേ?

എനിയ്ക്കു ഞെളിയണ്ടേ?

ഒരു സൂചിത്തുള എവിടെ കണ്ടെത്താനാവും?

എനിയ്ക്കും കടത്തണ്ടേ എന്റെ ഒട്ടകത്തിനെ?

പിന്നില്‍ ആരോ ഉണ്ടോ?

അതെനിയ്ക്കു പ്രശ്നമേയല്ലല്ലോ?

എന്റെ പ്രയാണം

ഞാന്‍ കേള്‍ക്കുന്ന രോദനങ്ങള്‍,

മര്‍മ്മരങ്ങള്‍, ചുടുനിശ്വാസങ്ങള്‍,

താളമേതുമില്ലാത്ത കാലൊച്ചകള്‍,

ഒരു മരവിപ്പിന്റെ ഭാണ്ഡമേറ്റാന്‍

എനിയ്ക്കും കിട്ടണം പണം!

Thursday, January 3, 2008

മണിമാളികകള്‍


വരണ്ട പാടങ്ങള്‍ വിളിച്ചോതിയതു ഇന്നലെകളിലായിരുന്നു.
വയ്യ, വിയറ്പ്പൊഴുക്കുവാന്‍!
മ്രുഷ്ടാന്നം മുടങ്ങാഞ്ഞാല്‍ മതിയല്ലോ?
കാലത്തിനൊത്തു കോലം കെട്ടാതെങ്ങനെ?

നീയിരിയ്ക്കുന്നിടത്തു നീ തന്നെയിരിയ്ക്കണമെന്നു
നാലാള്‍ പറഞ്ഞതു പണ്ടായിരുന്നല്ലോ?
നീയില്ലെങ്കില്‍...നിന്നേക്കാള്‍ കേമന്‍.
അതു ഇന്നിന്റെ നിയമമാണല്ലോ?

വരണ്ട പാടങ്ങള്‍ക്കു പുതിയൊരു മാനം
ലാഭ നഷ്ടക്കണക്കുകള്‍ക്കും ഉയര്‍ച്ച
സ്വപ്ന സൌധങ്ങള്‍ക്കടിത്തറയിടുന്നവര്‍
സ്വര്‍ഗം ഇവിടെത്തന്നെയെന്നൊ വയ്പൂ?

എവിടെയോ ഒരു നഷ്ടബോധം, ഒരിത്തിരി
പറഞ്ഞറിയിയ്ക്കാനാവാത്ത ദു:ഖം
എന്നെ വിടാതെ നിഴലായി പിന്തുടരുന്നു
ഇന്നിനെ മാത്രമെ എനിയ്ക്കു കാണാനാവൂ!

കര്‍മ്മഫലങ്ങളിലൂടെ..........

എനിയ്ക്കു ഇരുട്ടിനെ ഭയമില്ല...
ഇരുട്ടിനെ ഞാന്‍ സ്നേഹിയ്ക്കുന്നു..
എന്റെ മനസ്സില്‍ വെളിച്ചം ഉണ്ടെന്നറിയിച്ചതു ഇരുട്ടാണല്ലോ?

എനിയ്ക്കു ദു:ഖത്തിനെ പേടിയില്ല...
ഞാന്‍ ദു:ഖത്തിന്റെ വിലയറിയുന്നു
സുഖത്തിന്റെ വിലയറിഞ്ഞതു ദു:ഖത്തിലൂടെയാണല്ലോ?

മരുപ്പച്ചകളെ ഞാന്‍ വെറുക്കുന്നു
അവ എച്ചിലില കാത്തു കിടക്കുന്ന കൊടിച്ചിപ്പട്ടികളുടെ ഓര്‍മ്മകളുണര്‍ത്തുന്നു എന്നില്‍
കാവല്‍മാടത്തിലെ അണയാത്ത വിളക്കില്‍ ജീവന്‍ ബലിയര്‍പ്പിയ്ക്കുന്ന ഈയാം പാറ്റകളെയും.

ഞാന്‍ മരണത്തെ സ്വാഗതം ചെയ്യുന്നു
സത്യമെന്നും ഇരുട്ടിലൂടെ,ദു:ഖത്തിലൂടെ,
മരീചികയുടെ മുഖം മൂടിയുമണിഞ്ഞു എന്നെ വിഡ്ഡിവേഷം കെട്ടിയ്ക്കുന്നു.

ഞാനൊന്നു മാറ്റട്ടെ, ആ മുഖം മൂടി?
ഒരിത്തിരി വെളിച്ചം,
ഒരിത്തിരി സന്തോഷം,
ഒരു നിതാന്ത വേദന സമ്മാനിയ്ക്കുന്ന ഈ മുള്‍ക്കിരീടമൊന്നു അഴിച്ചെടുത്തോട്ടേ?

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...