Sunday, December 9, 2007

അമ്മേ...മൂകാംബികേ...

ഇല്ലിന്നേനാള്‍വരേയുമടിയന്നിങ്ങോട്ടുവന്നീടുവാന്‍
കൊല്ലൂരില്‍ വാഴുമമ്മേ!ഭഗവതി!അടിയന്നിന്നു ഭാഗ്യം ലഭിച്ചൂ!
എല്ലാനേരവുമോര്‍ത്തിതെന്‍ മനമതില്‍, വന്നൊന്നു ദര്‍ശിയ്ക്കുവാന്‍,
എന്തോ നേരമതായതില്ല,യതിനാലാവാം, ക്ഷമിച്ചീടണേ!

ഇന്നോര്‍ക്കാപ്പുറമിങ്ങു വന്നു, സുക്ര്തം, ദര്‍ശനം കിട്ടി,യെന്നില്‍-
ക്കണ്ണാലേകുക, നിന്‍ കടാക്ഷ,മതിനായമ്മേ കനിഞ്ഞീടണം!
ഇന്നത്തെപ്പോലെ വീണ്ടും ഇഹവന്നൊന്നു ദര്‍ശിച്ചു പോവാന്‍
നിന്‍ കാക്കല്‍ കുമ്പിടാന്‍, കഴിയണമതിനായ് നിന്‍ പദം കുമ്പിടുന്നേന്‍!

അമ്മേ! അക്ഷരമാല തന്റെ കളികള്‍ക്കാധാര നീയല്ലയോ?
അമ്പത്തൊന്നക്ഷരങ്ങള്‍ക്കതിമധുരമതും നല്‍കുന്നു നീയംബികേ!
അന്തം തെല്ലേതുമില്ലേയടിയനു വര്‍ണിയ്ക്കുവാന്‍ വാക്കു, നീയി-
ന്നെല്ലാം നല്‍കിയനുഗ്രഹമിദം തന്നീടണേയംബികേ!


(മനസ്സില്‍ മോഹമുണ്ടായിട്ടും ഇതു വരെ മൂകാംബികാദര്‍ശനം കഴിയാതിരുന്ന എനിയ്ക്കു അപ്രതീക്ഷിതമായതിനു സാധിച്ചപ്പോള്‍ സന്നിധാനത്തിലിരുന്നു കുത്തിക്കുറിച്ച വരികളാണിവ.മനസ്സിലെ സന്തോഷത്തെ വാക്കാല്‍ പകര്‍ത്താന്‍ അസാധ്യമായിത്തോന്നിയ നിമിഷം.)

7 comments:

മന്‍സുര്‍ said...

ജ്യോതി...

മനോഹരമീ...വാക്കുകള്‍..മനോഹരമീ കാണിക്ക....

ആഗ്രഹം സാധിച്ചതില്‍ സന്തോഷിക്ക നീ
അനുഗ്രഹമേറെ നിനക്കായ്‌ ചൊരിയും
അമ്മ മൂകാംബിക നിനക്കായ്‌
നീ തീര്‍ത്തൊരീ അക്ഷരമാല്യം
സമക്ഷം സമര്‍പ്പിക്കാം..
അമ്മ തന്‍ കാല്‍പാദങ്ങളില്‍

എന്നും അമ്മ തന്‍ കടാക്ഷത്തിനായ്‌
പ്രാര്‍ത്ഥിക്കാം നമ്മുക്കൊന്നായ്‌

നന്‍മകള്‍ നേരുന്നു

P.R said...

നടയ്ക്കല്‍ നിന്നു തോന്നിയ വരികള്‍!
വളരെ ഇഷ്ടമായി..

ശ്രീലാല്‍ said...

ജ്യോതി,

വായിച്ചു തുടങ്ങിയപ്പൊഴേ ഇതെന്താണ്, റൂട്ട് മാറിയാണല്ലോ ഇത്തവണത്തേ കവിത എന്നു തോന്നിയിരുന്നു. ഒടുവിലെ വിശദീകരണം കണ്ടപ്പോ പിടികിട്ടി. നടക്കലെത്തുമ്പോള്‍ കവിതയും റിലാക്സ്ഡായല്ലോ. ശരിയാണ്. ദേവിക്കു മുന്നില്‍ കെട്ടുപാടുകളില്‍നിന്ന് കവിതയും മുക്തി നേടുന്നു.

ആ മണ്ഡപത്തില്‍ ഇരുന്നാല്‍ തിരികെ വരാന്‍ തോന്നില്ല.

കുടജാദ്രിയിലും പോയിരുന്നോ.?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരം

ഏ.ആര്‍. നജീം said...

അമ്മയ്ക്ക് ലഭിച്ച ഈ അക്ഷര ഹാരം ഏറ്റം വിലപ്പെട്ട കാണിക്കയായി സ്വീകരിച്ച് അനുഗ്രഹിക്കട്ടെ..
ഭക്തി സാന്ദ്രമായ വരികള്‍..!

balus said...

hi,

first time am reading this... amazing to read..

oppole...good keep it...

pray for u and your family good health and properity..

balu

Kapli said...

സന്തോഷം. ഇതില്‍ നിന്ന് എനിക്കും ഒരു പ്രചോദനം കിട്ടി ഇങ്ങനെ ഒരു ശ്ലോകമെഴുതാന്‍. നന്ദി.

അമ്മേ കൊല്ലൂര്‍ പിരാട്ടീ തവമുഖകമലം കാണുവാന്‍ സാദ്ധ്യമായി-
ല്ലെന്തേ വൈകിച്ചിടുന്നൂ കരുണയരുളുവാന്‍ കാലമായില്ലയെന്നോ
ഉണ്ടേ മോഹം മനസ്സില്‍ ഒരുകുറിയകമേ വന്നു വന്ദിച്ചിടാനാ-
യമ്മേ മൂകാംബികേ നീ കനിയണമതിനായ്‌ തൃപ്പദം കുമ്പിടുന്നേന്‍

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...