Thursday, November 29, 2007

വ്യാമോഹങ്ങള്‍

എന്നിലെയെന്നെയറിഞ്ഞിടാന്‍ മോഹം
നിന്നിലെയെന്നേയറിഞ്ഞിടാന്‍ മോഹം
ഇന്നിന്‍ തുടുപ്പുകളേന്തിടാന്‍ മോഹം
ഇന്നലയെപ്പുണര്‍ന്നീടുവാന്‍ മോഹം
സുന്ദര സ്വപ്നങ്ങളോര്‍ത്തിടാന്‍ മോഹം
സുന്ദരമെന്‍ മനമാക്കിടാന്‍ മോഹം
അന്തരമെത്രയോയേറിടുമീഭൂവില്‍
സ്വന്തത്തിനെത്തിരഞ്ഞീടുവാന്‍ മോഹം
ഹന്ത സ്വപ്നത്തിന്‍ മരീചിക തേടിയെന്‍
സ്വന്തമാം ജീവിതമിന്നിങ്ങു തീര്‍ന്നിതോ?

Wednesday, November 28, 2007

സ്വര്‍ണ്ണത്തേക്കാള്‍......

സ്വര്‍ണ്ണ- സ്വപ്നങ്ങള്‍ തന്‍ മേന്മയെന്തേ?
സ്വര്‍ണം കൊടുപ്പു, പകിട്ടൊട്ടു വേറെ?
സ്വപ്നത്തിനില്ലേ നിറക്കൂട്ടു മേലേ?
ഒത്തിരി സ്വപ്നങ്ങളിത്തിരി നേടിടാ-
നിത്തിരി സ്വര്‍ണ്ണത്തിനൊത്തിരി സ്വപ്നം!
സ്വപ്നം കൊടുത്താല്‍ കിടയ്ക്കില്ല സ്വര്‍ണ്ണം
സ്വര്‍ണ്ണം കൊടുത്തെത്ര സ്വപ്നം നടപ്പൂ!

Tuesday, November 27, 2007

ജ്ഞാനി

പലതില്‍ ചിലതാണെന്നാലും
വലുതില്‍ ചെറുതാണെന്നാലും
ഇടയില്‍ കരടെന്നതുപോലെ
നെടുനീളെ കിടന്നെന്നാലും
ഒരു കാര്യമിതോര്‍ത്തീടേണം,
അറിവിന്‍പടിതേടിയവന്നതു
തരിപോലും ബാധകമല്ലേ..
അറിവിന്‍ പ്രഭ ചുറ്റുമൊഴുക്കും
പരിവേഷമതൊന്നു വിശേഷം!
അതുമാത്രമതൊന്നു നിനച്ചാല്‍
അവനല്ലോന്രുപസമനിപ്പോള്‍!

ഒരു ഉപദേശം

മറയ്ക്കരുതു സത്യം, മറക്കരുതസത്യം
മുറുക്കരുതു ,കാര്യങ്ങളെ മുറയ്ക്കേ ചെയ്യൂ
കറുക്കരുതു വദനം, മുഴുക്കരുതു വചനം
ഇരിയ്ക്കേണ്ടിടമോര്‍ക്ക,നശിയ്ക്കാനെളുതല്ലോ?

Saturday, November 24, 2007

ജീവിയ്ക്കാന്‍ മറക്കുന്നവര്‍

ഒരുപാടു കൂട്ടിക്കിഴിയ്ക്കലില്‍ മാനവന്‍
ഒരു സത്യമെന്തേ മറന്നിടുന്നൂ?
ഒരു ചാണ്‍ വയറിന്റെ പ്രശ്നമെങ്ങോ
ഒഴുകും സുഖത്തിനായ് നല്‍കിടുന്നു?
ഒരുപാടു ക്ലേശം സഹിച്ചു മന്നില്‍
ഒരു സ്വപ്ന തീരം പടുത്തിടുന്നൂ?
ഒരുമയ്ക്കുമൊപ്പം പകുത്തിടാതെ
ഒരുവന്റെ മാത്രമായ് തീര്‍ത്തിടുന്നു?
ഇതിലേറെ കഷ്ട,മവനീ തിരക്കില്‍
ഒരു കാര്യമെന്തെ മറന്നിടുന്നു?
ഇനിവരും നാളേയ്ക്കുവേണ്ടിയവന്‍
ഇവിടെയീയിന്നു മറന്നിടുന്നു..

Friday, November 9, 2007

മുഹുരാത് ട്രേഡിംഗ്

ഓഹരിക്കച്ചവടമെനിയ്ക്കിതിന്നെ-
ന്നോമലേ,ഹരമതായി വന്നിതോ
വീടിതൊന്നു പുതുതായി വാങ്ങുവാന്‍
ഓടിടും ശകടമൊന്നു വാങ്ങിടാന്‍,

ഏറെ നാള്‍ മനസ്സില്‍ വളര്‍ത്തിഞാന്‍
കാര്യമായി നിനച്ചു വെച്ചൊരീ-
ജോലിയിന്നിതില്‍ ജയിച്ചുവെങ്കിലോ
വേല വേറേയെനിയ്ക്കു വേണ്ടെടോ!

ആയിതിന്നു മുഹുര്‍ത്ത നേരമോ-
ടേവരും ഒരു തുടക്കമായ് ‘മുഹു-
രാത്‘ ട്രേഡിംഗ് നടത്തിവന്നിടും
നേരമാണിതു, തുടക്കമെന്റെയും!


ഓഹരിക്കച്ചവടത്തിനു തുടക്കമിടുന്ന ഒരുവന്റെ വിചാരധാര.

മരീചിക

സ്വപനങ്ങള്‍ സത്യമായ് വന്നിടാനില്ലല്ലോ
സത്യമായും കുറുക്കായോരു മാര്‍ഗം
വിഘ്നങ്ങള്‍ പൂര്‍ണമായും മാറ്റിടാനഹോ
വിഘ്നധാതാവു കനിഞ്ഞിടേണം.

അല്പനാം മര്‍ത്യന്‍ മരീചിക കണ്ടെത്തി-
യല്പത്വമിന്നവന്‍ കാട്ടിടുന്നു
സ്വപ്ന സാക്ഷാത്ക്കരമൊന്നിനായിന്നവന്‍
സ്വത്തിനു പിന്നാലെ പാഞ്ഞിടുന്നൂ

രക്തബന്ധങ്ങള്‍ മറക്കുന്നു മന്നവന്‍
രത്ന-സ്വര്‍ണ്ണത്തിന്നു മുന്നില്‍
എത്രയും നശ്വരമീദേഹിയെന്നവ-
നെപ്പൊഴൊ സത്യം മറപ്പൂ...

Thursday, November 8, 2007

കടിഞ്ഞാണ്‍

കര്‍ണം കേള്‍ക്കുവതിന്നു,കണ്‍കള്‍ കാണുവതിനഹോ നാക്കോ പറഞ്ഞീടൂവാന്‍
കൈകള്‍ നേടുവതിന്നു, കാലുകളതോ സഞ്ചാരസൌഖ്യത്തിനും,
എല്ലാംമര്‍ത്ത്യനു നല്‍കി ദൈവമതിനെല്ലാം നല്‍കിയോരോ പണി-
യെല്ലാത്തിന്നും കടിഞ്ഞാണിടുവതിനു തലച്ചോറും കനിഞ്ഞേകിനാന്‍!

കുറെ സംശയങ്ങള്‍

1.
കണ്ണടച്ചാലിരുട്ടകുമെങ്കിലോ
കണ്ണടയ്ക്കണമോയിരുട്ടെത്തുന്‍പോള്‍?
വന്നിടുന്നിതു കണ്ണടച്ചീടാനോ?
കണ്‍ തുറക്കൂ,വരേണ്ടാ‍യിരുട്ടെങ്കില്‍!

2.
ഉറങ്ങുവതെന്തിതു ഉണരാനാണോ?
ഉണരുന്നതുറങ്ങുവതിനല്ല, നൂനം!
ഉണരലുമുറക്കവുമൊരുപോലെയല്ലഹേ!
ഉണരൂ,ഉറക്കമൊരു തുടക്കമതാക്കി മാറ്റൂ!

3.
മഞ്ഞുരുകിയതു ജലമെന്നു പക്ഷം,
ജലമുറച്ചതു മഞ്ഞെന്നു വേറെ പക്ഷം,
മഞ്ഞും, ജലവും പ്രക്രുതി തന്റെ ശില്പം,
ധന്യം, അവസരയോജ്യമാര്‍ന്ന വേഷം!

Sunday, November 4, 2007

ഇവനാരു?

ആരംഭത്തിന്നു മുന്നില്‍സ്സകലവു,മൊടുവില്‍ തീര്‍ത്തിടാനൊട്ടുപോലു-

മാവില്ലെന്നാകിലും, താന്‍ വിരുതനതാണെന്നു തെല്ലു കാട്ടുന്ന ശീലം,

കാലത്തിന്നൊത്ത കോലം,കളിയതിനു തമാശയ്ക്കുമില്ലൊട്ടു ക്ഷാമ-

മാരാണിക്കോമളാംഗന്‍,തരുണിമണികളോ ചുറ്റുമൊട്ടേറെ നില്‍പ്പൂ!
കടലും കരയും, കരയും കടലതു
പറയും പലതും, പതയും നുരകളി-
തലയും, അലയും മനവും മിഴിയും
തിരയും, തിരയിലെ തരിയും മണലും.

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...