Sunday, April 20, 2008

ദേജാ വു (Deja vu)


ഉറക്കെപ്പറയാനെനിയ്ക്കാവതില്ലെ-

ന്നിരിയ്ക്കെ,പ്പതുക്കെപ്പറയട്ടെയെന്നൊ-

ന്നൊരിയ്ക്കല്‍ ഞാന്‍ കണ്ടിട്ടിതെന്നുള്ള സത്യ,

മെനിയ്ക്കും കഴിവില്ലിതെന്നെന്നു ചൊല്ലാന്‍!

ഉറപ്പാണെനിയ്ക്കോര്‍മ്മയുണ്ടെന്നതെന്നാ-

ണുറ‍ക്കത്തില്‍ ഞാന്‍ കണ്ട സ്വപ്നത്തിലാവാം,

തുറക്കാതെ ഞാന്‍ പൂട്ടി വച്ചെന്‍ മനസ്സി-

ന്നറയ്ക്കുള്ളിലെങ്ങാണ്ടു വച്ചൊന്നതാവാം,

കണക്കൊട്ടുകൂട്ടും മനസ്സിന്‍ കുരുക്കി-

ലകപ്പെട്ടതാവാം, ദിവാസ്വപ്നമാവാം,

ഒരേപോലെയെട്ടെന്നതാരോ പറഞ്ഞി-

ന്നതായിടാം, മോഹമാവാം, ചിലപ്പോള്‍

സമാന്തരപ്രാപഞ്ചസിദ്ധാന്തമെന്ന

ഭ്രമത്തിന്‍ കളിയതുമൊന്നയിടാമൊരു-

ക്ഷണത്തിന്റെ മാറ്റത്തില്‍ സംഭാവ്യമാകും

ഒരാള്‍ തന്നെ വിത്യസ്തമാം പ്രപഞ്ചങ്ങളില്‍

ഒരേപോലെയല്ലെങ്കില്‍ വ്യത്യസ്തരായി-

ട്ടിരിയ്ക്കാം, ,നിനയ്ക്കാം , നയിച്ചിടാം ജീവ-

ന്നിതിന്റെ രഹസ്യമാം പ്രാപഞ്ച തത്വ-

മതിന്‍ വേലയാകാ,മറിയില്ലെനിയ്ക്കി-

ന്നൊരുത്തരം നേരെയേകാനതെന്നാ-

ലെനിയ്ക്കിത്രമാത്രം നിജം മമ ഭാഷ്യ-

മിതിന്നെന്തു ഹേതു, പറവാനിതാകാ!

രഹസ്യങ്ങളില്ലെങ്കിലില്ലല്ലൊ ഭൂവില്‍,

മനുഷ്യരില്‍, ദൈവത്തിനിന്നുള്ള സ്ഥാനം.

മനുഷ്യന്‍ മായയാല്‍ ബന്ധനസ്ഥനല്ലെങ്കിലോ,

മനുഷ്യനും ദൈവവുമെന്തുണ്ടു ഭേദം?










21 comments:

തോന്ന്യാസി said...

മനുഷ്യന്‍ മായയാല്‍ ബന്ധനസ്ഥനല്ലെങ്കിലോ,


മനുഷ്യനും ദൈവവുമെന്തുണ്ടു ഭേദം?


ജ്യൊത്യേച്ചീ ഈ വരികള്‍ ഞാനെടുത്തു......പിന്നെ നോ കമന്റ്സ്

Unknown said...

മനുഷ്യനും ദൈവവുമെന്തുണ്ടു ഭേദം?
......................
.......................
......................
മനുഷ്യരേക്കാള്‍ വലിയ ദൈവങ്ങളുള്ള കാലമാണ്
ഇത്തരം മനുഷ്യ ദൈവങ്ങളില്‍ അടിയുറച്ചു വീണുപോകുന്ന ചില മനൂഷ്യര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുംപ്പോള്‍ ഈ അവസാന വാക്ക് ഓര്‍ത്തു പോകും(ബാക്കിയൊന്നും മനസിലായില്ല കേട്ടോ)

ഗീത said...

നല്ല നല്ല കവിതകളാണല്ലോ ഈ പേജില്‍. ഇതുവരെ കണ്ടിരുന്നില്ല. ഇതിനുമുന്‍പുള്ളതും വായിച്ചു. ആ തത്വചിന്തകള്‍ ഇഷ്ടമായി.

കാപ്പിലാന്‍ said...

good poem

congra kuchelans

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“രഹസ്യങ്ങളില്ലെങ്കിലില്ലല്ലൊ ഭൂവില്‍,


മനുഷ്യരില്‍, ദൈവത്തിനിന്നുള്ള സ്ഥാനം.“
ആ ദൈവം പോലും ഒരു മഹാ രഹസ്യം ....
ഇവിടെ ഇതു ആദ്യം
നല്ല ഒരു ബ്ലൊഗ് ഇതുവരെ വന്നു നൊക്കിയില്ലല്ലൊ എന്നു ഒരു ചെറിയ വിഷമം.
ഇനിയും വരും ഇതിലെ ഇടക്കിടെ

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ശ്രീ said...

"രഹസ്യങ്ങളില്ലെങ്കിലില്ലല്ലൊ ഭൂവില്‍,
മനുഷ്യരില്‍, ദൈവത്തിനിന്നുള്ള സ്ഥാനം."

ഇതു വളരെ ശരി തന്നെ.
:)

jyothi said...

തോന്ന്യാസി...എന്താ അങ്ങിനെ പറഞ്ഞതു?
അനൂപ്...എന്തേ മനസ്സിലാവാതിരിയ്ക്കാന്‍?ഒന്നും അത്ര കട്ടിയായി തോന്നിയില്ല..
ഗീതഗീതികള്‍ക്കു സ്വാഗതവും നന്ദിയും.

കാപ്പിലാന്റെ അനുമോദനത്തിനു സന്തോഷം!
കിലുക്കാമ്പെട്ടീ...അതിനെന്താ...ഇനിയും വരാമല്ലോ?
ശ്രീ....ഇനിയും വരുമാല്ലോ?

അജയ്‌ ശ്രീശാന്ത്‌.. said...

"രഹസ്യങ്ങളില്ലെങ്കിലില്ലല്ലൊ ഭൂവില്‍,
മനുഷ്യരില്‍, ദൈവത്തിനിന്നുള്ള സ്ഥാനം."
മനുഷ്യനും ദൈവവുമെന്തുണ്ടു ഭേദം?

"മനുഷ്യന്‍ നിസ്സഹായനാവുന്നിടത്ത്‌
ദൈവത്തിന്‌ പ്രസക്തിയേറുന്നു....
അതുപോലെ ദൈവം നിസ്സാഹയനാവുന്നിടത്ത്‌
മനുഷ്യന്‍ പുകമറ സൃഷ്ടിച്ച്‌ ശക്തനാവാന്‍ ശ്രമിക്കുമ്പോഴാണ്‌ ആള്‍ദൈവങ്ങള്‍ക്ക്‌
ജനപ്രീതി കൂടുന്നത്‌...

Kichu $ Chinnu | കിച്ചു $ ചിന്നു said...

എനിക്കും ഇടക്കിടക്കുണ്ടാവാറുള്ളതാണീ “De-Javu"....
:-)

ഹരിശ്രീ said...

നല്ല വരികള്‍


ആശംസകള്‍...

:)

siva // ശിവ said...

എന്തു സുന്ദരമീ കവിത....

jyothi said...

അമൃത..നിങ്ങളുടെ നിഗമനം ശരി തന്നെ.നന്ദി.

കിചു/ചിന്നു...സന്തോഷമുണ്ടു, ട്ടോ!
ഹരിശ്രീ...വീണ്ടും വരുമല്ലോ! നന്ദി.
ശിവ...ആസ്വാദകനാആണു സൌന്ദര്യത്തിനെ മിഴിവുറ്റതാക്കുന്നതു..ഏറെ നന്ദിയുണ്ടു.

Ranjith chemmad / ചെമ്മാടൻ said...

ഉറക്കെത്തന്നെ പറയാം
You are Really Talented!
കവിതയുടെ കെട്ടുറപ്പും ആശയവും
തെന്നിമാറാത്ത ഇഴയടുപ്പവും
അദ്ഭുതപ്പെടുത്തുന്നു....
ഓരോ കവിതയും വ്യത്യത്ഥമായ
രചനാ ശൈലികൊണ്ടും
ഭാഷാഘടനകൊണ്ടും വേറിട്ടു നില്‍ക്കുന്നു
നന്മ നേര്‍ന്നുകൊണ്ട്,
രണ്‍ജിത്ത് ചെമ്മാട്

Devadas said...

ജ്യോത്യോപ്പോളേ... കുറച്ചേ വായിച്ചൂള്ളൂ കവിതക്കള്‍. നന്നായിട്ടൂണ്ട് ട്ടോ. ഇനിയും എഴുതുക. ഒപ്പം ശ്ലോകങളും....

ദേവന്‍

MULLASSERY said...

ഗഹനമായ വിഷയങ്ങള്‍ കവിതയായി അവതരിപ്പിക്കുമ്പോള്‍ :- പദഘടനാ ലാളിത്യദീക്ഷ(അഥവാ പ്രകരണ ശുദ്ധി ) ,അക്ഷരപ്പിശകുകള്‍ കയറാതെ നോക്കല്‍, ശരിയായ ചിഹ്നന സമ്പ്രദായം പാലിയ്ക്കല്‍ ..തുടങ്ങിയ കാര്യങ്ങളില്‍ കണ്ണെത്തണം !

അല്ലെങ്കില്‍ ആസ്വാദനച്ചരട് പൊട്ടി, തപ്പിത്തടഞ്ഞ് താഴെവീണ്‍ പാവപ്പെട്ട അനുവാചകന്‍ നട്ടം തിരിയും..;)

ഒന്നു രണ്ട് ഉദാഹരണങ്ങള്‍ നോക്കാം.
1.
“ ഭ്രമത്തിന്‍ കളിയതുമൊന്നയിടാമൊരു-”

തിരുത്തല്‍ കാണൂ -

“ ഭ്രമത്തിന്‍ കളിയതുമൊന്നായിടാ,മൊരു-”

ഇവിടെ അര്‍ത്ഥം വ്യക്തമാണ്‍.

ഒരു ദീര്‍ഘത്തിന്റെ കുറവും, ഒരു കോമയുടെ കുറവുമാണ്‍ ജ്യോതിര്‍മയിയുടെ വരികള്‍ക്ക് ഗഹനതയേറ്റിയിരുന്നത്!

2.

“ ഒരാള്‍ തന്നെ വിത്യസ്തമാം പ്രപഞ്ചങ്ങളില്‍
ഒരേപോലെയല്ലെങ്കില്‍ വ്യത്യസ്തരായി-”

ഈ വരികളില്‍ ‘വ്യത്യസ്ത’മായൊരു ‘വിത്യസ്തം’കാ‍ണുമ്പോള്‍ ...സകലപിടിയും നഷ്ടപ്പെട്ട ബാര്‍ബറാം ബാലനെ ഓര്‍ത്തുപോകും ആപ്പൊഴും കവിതയുടെ രസച്ചരട് പൊട്ടും !

ഓര്‍ക്കുക, നമ്മുടെ കവിതയില്‍ നിന്ന് ആസ്വാദകനെ വ്യതിചലിപ്പിക്കാന്‍ ഒരു ചിന്ന അക്ഷരപ്പിശകിനുപോലും അവസരം കൊടുക്കരുത് !

ഇനിയും പറയാനുണ്ട്..കുറ്റം മാത്രമല്ല ഗുണവും.
പിന്നെയൊരിക്കലാവാം ..ന്താ..

jyothi said...

മാഷെ...സന്തോഷമുണ്ടു....ഈ വിമര്‍ശനം എന്നെ നേരെയാക്ക്ന്നില്ലെങ്കില്‍, എനിയ്ക്കു എഴുത്തു നിര്‍ത്തുകയാവും നല്ലതു.അതിന്റെ പൂര്‍ണ്ണമായ ഗൌരവത്തോടെ തന്നെ കാണാന്‍ ഞാനൊന്നു ശ്രമിച്ചു നോക്കട്ടേ!

MULLASSERY said...

തമാശയാണെന്നറിയാം ...
എന്നാലും അത്രയൊന്നും കടന്നു ചിന്തിക്കണ്ട..;)

എഴുതിക്കഴിഞ്ഞാല്‍ , വായിച്ചും പാടിയും(ചൊല്ലിയും)തെറ്റു തിരുത്തി ചിട്ടപ്പെടുത്തണം...
എഴുതിയത് മയപ്പെടുത്താനും യുക്തിഭദ്രമാക്കാനും ശ്രമിക്കണം.കാല-ദേശാദി ഔചിത്യദീക്ഷ വളരെ പ്രധാനമാണ്‍ .

ചുരുക്കത്തില്‍...
എഴുതുന്നതിനേക്കാള്‍ കൂടുതല്‍ എന്തെഴുതാനാഗ്രഹിക്കുന്നുവോ അവയെക്കുറിച്ച് വായിക്കുക...പഠിയ്ക്കുക..അറിവുനേടുക.
അപ്പോള്‍ നാമറിയാതെ തന്നെ നമ്മുടെ മനസ്സില്‍ അവ നിറഞ്ഞ് വിതുമ്പി പുറത്തേയ്ക്കൊഴുകും...
അതായിരിക്കും ഉത്തമ സൃഷ്ടി !

ഞെക്കിച്ചാടിച്ച് പുറത്തേയ്ക്കെടുക്കരുത് എന്നു സാരം. ഇതൊന്നും ഞാന്‍ കണ്ടുപിടിച്ചകാര്യങ്ങളല്ല.നമുക്കു എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്‍. അതുകൊണ്ട് വിഷമിക്കാനുമില്ല. ‘വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാട് ’എന്ന മട്ടിലാണ്‍ ‘നെറ്റി’ലെ അവസ്ഥ.എഴുത്തുകാരാ എല്ലാവരും വായനക്കാരില്ല!

shreepathy padhmanabha said...

വളരെ നല്ല വായനാനുഭവം. വാഴുക.

ratheesh ok madayi (Kannur) said...

നന്നായിട്ടുന്റ്. വേറിട്ട ഒരു കാഴ്ച ജ്യോതിറ്മയത്തിലു കാണാന് കഴിയുന്നു. അടുത്ത ദിവസങ്ങളിലൊന്നു പൊസ്റ്റ് കാണുന്നില്ലല്ലോ? എഴുതുക മനസ്സിലു തൊന്നുന്നതെന്തു,,
ആശംസകളൊടെ.

jyothi said...

എല്ലാര്‍ക്കും നന്ദി. പുതിയപോസ്റ്റുകള്‍ കാണാനായി www.jyothirmayam.com സന്ദര്‍ശിയ്ക്കുമല്ലോ?

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...