Monday, March 31, 2008

ജീവിതദര്‍ശനം



ജീവിതമെന്തു വെറുമൊഴുക്കുമാത്ര,മന്ത-
മേതുമേയില്ല,കര കാണ്മാനുമാവതില്ല.
സ്വച്ഛന്ദമൊഴുകീടാം സ്വാര്‍ത്ഥത വെടിഞ്ഞു നീ
സ്വസ്ഥമായ് ഗതിയ്ക്കൊത്തു നീന്തിയെന്നാകില്‍,പക്ഷേ
‘ഞാനെ’ന്ന വികാരത്തിന്നടിമപ്പെടുന്നാകി-
ലായിരം പ്രശ്നങ്ങള്‍ തന്‍ ചുഴിയിലകപ്പെടാം,
ഗതി മാറിടാം,ഒറ്റപ്പെട്ടിടാം,സ്വയം തീര്‍ത്ത
വലയില്‍ കുടുങ്ങിയിട്ടൊട്ടേറെക്കുഴങ്ങീടാം.
വിധിയാണെല്ലാമെന്നു പ്രലപിച്ചീടാം, വരും
ദുരിതങ്ങളെയെല്ലാമൊന്നൊന്നായ് സഹിച്ചിടാം.
ജീവിതമൊരു വെറും സ്വപ്നമാണെന്നും മായാ-
മോഹമാണെന്നുമറിയുന്നവര്‍ക്കില്ലാ ദു:ഖം.
പരിപൂര്‍ണ്ണതയ്ക്കെഴും പരമാണുവെന്നാലു-
മെഴുതപ്പെട്ടല്ലോ നിന്‍ ഭാഗഭാക്കീലോകത്തില്‍
ഇവിടെജ്ജീവിയ്ക്കുകയല്ല നീ മറിച്ചിന്നു
നിനയ്ക്ക,നിന്‍ ജീവിതം ജീവിയ്ക്കപ്പെടുന്നല്ലോ!
ഒഴുകൂ ഗതിയ്ക്കൊത്തു, ഭാഗഭാക്കാവൂ, നിന-
ക്കൊരൊട്ടു നിയന്ത്രണമില്ലിതെന്നറിഞ്ഞിടൂ
ഒന്നെന്ന സമ്പൂര്‍ണ്ണത തന്നിലേയ്ക്കൊഴുകിടൂ
ഒന്നിനേക്കുറിച്ചുമേ ചിന്തിയ്ക്കാതിരുന്നിടൂ!

9 comments:

Unknown said...

ഗതി മാറിടാം,ഒറ്റപ്പെട്ടിടാം,സ്വയം തീര്‍ത്ത
വലയില്‍ കുടുങ്ങിയിട്ടൊട്ടേറെക്കുഴങ്ങീടാം.
വിധിയാണെല്ലാമെന്നു പ്രലപിച്ചീടാം, വരും
ദുരിതങ്ങളെയെല്ലാമൊന്നൊന്നായ് സഹിച്ചിടാം
നല്ല ചിന്തക്കള്‍ ഉണ്ടാക്കുന്ന വരിക്കള്‍ ജോതിര്‍മയി

Sri said...

Superb.. ayyitudnu If you write lyrics I can tune it.. basically I am a musician ..... padukayum cheyyum

Bhagavathy said...

Fantastic................what else to say?

Anonymous said...
This comment has been removed by a blog administrator.
Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കവിതയും അതിലെ തത്ത്വശാത്രവുംഒന്നിനൊന്നു നന്നായിട്ടുണ്ട്‌. ഇനിയും എഴുതണം, പുഴയൊഴുകും പോലെയുള്ളവരികള്‍.

Anonymous said...
This comment has been removed by a blog administrator.
MULLASSERY said...

ഈ കവിത നല്ലകവിത.

‘ജ്യോതിര്‍മ്മയംബ്ലോഗി’ലെ കവിതകളില്‍ എന്തുകൊണ്ടും മികച്ച കവിത ‘ജീവിതദര്‍ശനം’ തന്നെ.കവിതാസ്വാദനത്തിനുവേണ്ടതായ എല്ലാഗുണങ്ങളും ഈ കൊച്ചു കവിതയില്‍ സമ്മേളിച്ചിട്ടുണ്ട്.

അഭിനന്ദനങ്ങള്‍.

എസ്.കെ (ശ്രീ) said...
This comment has been removed by the author.
എസ്.കെ (ശ്രീ) said...

ഞാനും..ചേച്ചിയും....ഇക്കാണുന്നവരെല്ലാമുള്ള ഈ നിമിഷത്തെക്കുറിച്ചറിയാമെനിയ്ക്ക്...ഒന്നു മുന്നോട്ടോ...പിന്നോട്ടോ....ചിന്തിച്ചാല്‍....ഒന്നും...ഒന്നും തന്നെ....അറിയില്ല.....എല്ലാം മായ...
ഒരോര്‍മ്മപ്പെടുത്തലായി........കവിത...

വെട്ടിപ്പിടിയ്ക്കാനും....കാല്‍ക്കീഴിലമര്‍ത്താനും വ്യഗ്രത പൂണ്ടവര്‍ക്കൊരു മുന്നറിയിപ്പും.....ചേച്ചീ..എന്തിനിത്രനാള്‍...വൈകി...എന്തേയിത്രനാള്‍ ഈ മനസ്സൊളിപ്പിച്ചുവച്ചു....കാലത്തിനൊപ്പം സഞ്ചരിയ്ക്കുന്ന വരികള്‍....അതാണെനിയ്ക്കു തോന്നിയത്...നന്ദി....

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...