Monday, December 17, 2007

ആശ...

ആന കൊടുത്താലുമാശകൊടുക്കരു-
താരു പറഞ്ഞാലുമെത്ര ശരി താന്‍
ആശയില്ലെങ്കിലിന്നില്ലത്രെ ജീവിതം
ആശ നിരാശയ്ക്കു പിന്നിലാണെങ്കിലും.

ആശിച്ചതൊക്കെ നമുക്കിന്നു കിട്ടുകില്‍
ആശതന്‍ സ്വപ്ന സുഖമലഭ്യം, പിന്നെ
ആശ താനല്ലയോ തീര്‍പ്പു നിരാശയെ
ആര്‍ക്കും പുനശറ്മ സൌഖ്യമറിയുവാന്‍!.

ആശിയ്ക്കു,നിങ്ങളൊരു കുന്നിനു സമം!
ആകുമോ കുന്നിക്കുരുവിനോളം നേടാന്‍?
ആശയുമിന്നു നിരാശയും സത്യമായ്
ആകുന്നൊരേ നാണയത്തിന്‍ വശങ്ങള്‍!

ആശ-നിരാശകള്‍ക്കപ്പുറമായ് വരും
ആശതന്‍ ഭംഗമതാണു കുഴപ്പം.
ആശിച്ചതൊട്ടു കിടയ്ക്കാതെ വന്നാല്‍
ആകും മനമൊട്ടസ്വസ്ഥം,പലര്‍ക്കും!

ആശിയ്ക്കു, നന്നു,ദുരാശകള്‍ വേണ്ടാ,
ആകാം സുഹ്രുത്തുമൊരു ശത്രുവിന്നു
ആശിപ്പതു നേടു സ്വപ്രയത്നത്താല്‍;
ഓര്‍ക്കു! കുറുക്കുവഴികളും വേണ്ടാ!





Sunday, December 16, 2007

വിട്ടുവീഴ്ച്ചകള്‍...

ഒരിത്തിരി തന്‍സഹജീവികള്‍ക്കായ്
ഒതുങ്ങാന്‍,നിലപാടു മാറ്റാന്‍
കഴിഞ്ഞീടുകിലെത്ര നന്നു
കരുതുന്നു വ്രുഥാ മനമെപ്പൊഴും.

ജനിച്ചിങ്ങു നീ വീണനേരമന്നുതൊട്ടേ
നിനക്കായതു ചെയ്തതില്ലെ ചുറ്റും
നിറഞ്ഞോര്‍, നിന്റെ നന്മയോര്‍ത്തി-
ട്ടിതിപ്പോള്‍ നിന്റെയൂഴമായി.

ഒരല്പം ക്ഷമ, വിട്ടുവീഴ്ച, യന്യ-
ന്നവന്റെസ്വരമോതിടാനായ് നേരം
ഇതൊക്കെത്തന്നെയല്ലെ ജീവിതത്തെ-
യഥാര്‍ത്ഥം മധുരിച്ചതതാക്കിടുന്നൂ!

Saturday, December 15, 2007

മുംബൈ...അണ്‍പ്ലഗ്ഡ്....?????


ഒരു നല്ല കാര്യത്തിനായ് ശ്രമിയ്ക്കാന്‍
ഒരുവനുമില്ലെന്നതത്രെ സത്യം
ഒരു ദു:ഖ സത്യത്തെ ചൂണ്ടിയിട്ടും
അതിനെപ്രതിയോര്‍ക്കാനാര്‍ക്കു നേരം?

ഒരു മണിക്കൂര്‍ നേരമെല്ലാവരും
ഒരുമിച്ചു വൈദ്യുതിയോഫ്ഫു ചെയ്തു,
ഒരു നഗ്ന സത്യത്തെയോര്‍പ്പതിന്നായ്
ഡിസം: പതിനഞ്ചു തിരഞ്ഞെടുത്തു.

ഒരുപാടു ബുദ്ധിമുട്ടുണ്ടെങ്കിലും നാം
അരയേഴു തൊട്ടു തുടങ്ങിയന്നു
സമയമതെട്ടരയെത്തുവോളം
തുടരണമെന്നിതു ചൊല്ലി വച്ചു.

ഒരുപാടു പിന്തൂണ പ്രഖ്യാപിച്ചു,
പൊതുമേഖലയിലെ സ്ഥാപനങ്ങള്‍!
ഒരു സൈറണ്‍ ആദ്യം തുടക്കത്തിലും
ഇനിയൊരെണ്ണമവസാനത്തിലും

(ഇതു കേട്ടിടുമെന്നു ഞാന്‍ നിനച്ചു,
ഇതുവരേയുമത്തു കേട്ടതില്ല)

ഒരു മഹാകാര്യമതങ്ങു ചെയ്യും
മനമോടെ, ഉത്സാഹപൂര്‍വമിദം
ശരിയായ്,സമയത്തങ്ങോര്‍മ്മ വച്ചു
ഒരുമിച്ചു സ്വിച്ചെല്ലാമോഫ് ചെയ്തു.

ഇരുളില്‍ തനിയേയിരുന്ന നേരം
ചെറുതായ പേടിയകറ്റിടാനായ്
മെഴുതിരി വെട്ടമടുത്തു വച്ചു
പ്രതിദിനപ്പത്രമെടുത്തു കയ്യില്‍

മറ നീക്കി ബാല്‍ക്കണിയ്ക്കുള്ളിലെത്തി,
ഒരു നിമിഷം ഞാന്‍പുറത്തു നോക്കി
ഇതുപോലെയൊരു “ബത്തി ബന്ദി’-
തൊരുവനും കേട്ടിട്ടതില്ല, നൂനം!

പുറമെയകലെയടുത്തുമുള്ള
കടകളും, വീടായ വീടതെല്ലാം
നിറയും വെളിച്ചത്തില്‍ മുങ്ങി നില്‍പ്പൂ
ഇതു കഷ്ടമല്ലാതെയെന്തു ചൊല്ലാന്‍!

ഇരുപുറവും റോഡിലുള്ളതായ
കടകളിലൊക്കവേ വന്‍ തിരക്കു
വരുവതു ക്രിസ്തുമസ്, ന്യു ഇയറും
അതിനെക്കുറിച്ചല്ലാതെന്തു ചിന്ത?

കടകളില്‍, റോഡിലുമുള്ള വെട്ട-
മൊരു പിടി യെന്റെ മേലും പതിച്ചു
ഒരു നിമിഷം ഞാന്‍ നിനച്ചുപോയി
“തകരട്ടേ ഭൂമി, യാര്‍ക്കെന്തു ചേതം?”


(ഒരു സത്യം....ഗ്ലോബല്‍ വാമിങ്ങ്....തണുത്ത പ്രതികരണം , മറ്റൊരു സത്യം)

Friday, December 14, 2007

ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍

കനിഞ്ഞ വാക്കു, അണിഞ്ഞ നോക്കു,
തികഞ്ഞ ബുദ്ധി, വിടര്‍ന്ന നേത്രം
ഉറച്ച മോഹം, നനുത്ത ശബ്ദം
തുറന്ന ഹ്രുത്തു, ഇതാര്‍ക്കുമിഷ്ടം!

കറുത്ത വാക്കു, അറപ്പു നോക്കു
വളഞ്ഞ ബുദ്ധി,തുറിപ്പു നേത്രം
പുഴുത്ത മോഹം, മുഴുത്ത ശബ്ദം
അടഞ്ഞ ഹ്രുത്തിന്നിതാര്‍ക്കിതിഷ്ടം?

Thursday, December 13, 2007

അനുഭവമഹാസമുദ്രം

ഗുരുവൊരുമഹാസമുദ്രം, അതിവിശാലം മനസ്സില്‍
അറിവതു തേടിയെത്തുന്നവനിതെന്നും ഹാ!പ്രാപ്യം!
അറിവുപങ്കിട്ടു നല്‍കാന്‍, അതിനതില്ലിന്ന നേരം,
അതു തുറന്നേ കിടപ്പൂ!അറിവോ‍ര്‍ മുങ്ങിക്കുളിപ്പൂ!

അലകളെങ്ങും അടിയ്ക്കാം, അകലെ കൊണ്ടങ്ങു പോ‍കാം
അതുനിനച്ചെന്തു പേടി?, യറിവതുണ്ടല്ലൊരക്ഷ!
അറിവതിന്‍ മുന്നിലെങ്ങുംഅടിയറക്കാരിതേറെ
ഗുരുവിനെത്തേടിവന്നോര്‍ ക്കതിനതില്ലല്ലൊ സ്ഥാനം!

ഗുരുവിനെത്തേടൂ നിങ്ങള്‍, ഗുരുവതല്ലൊ സമസ്തം
ഗുരുവതല്ലൊ നിന്‍ ദൈവം, ഗുരുവതല്ലോയിഭൂമി!
ഗുരുവതല്ലോ നിന്‍ കൂട്ടര്‍, ഗുരുവതല്ലോപ്രബുദ്ധര്‍,
ഗുരുവതുണ്ടല്ലൊയെങ്ങും അനുഭവം ഗുരുവോര്‍ക്ക!

Tuesday, December 11, 2007

ബന്ധങ്ങള്‍, ബന്ധനങ്ങള്‍!

യഥാര്‍ത്ഥസ്നേഹത്തിനു തെല്ലുപോലും
കൊടുപ്പതിന്നാവതതില്ല ദു:ഖം,
മനപ്രയാസം,പല സങ്കടങ്ങളും,
മനുഷ്യ, നിന്‍ വാസനയാണു ഹേതു.

മനുഷ്യനായ് മണ്ണിതില്‍ ജന്മമിന്നു
നിനക്കു വന്നെങ്കിലിരിപ്പു ദു:ഖം!
നിനച്ചിടുന്നെന്തിനു സ്വന്തമെന്നു
മനപ്രയാസം അതിനാലെയുണ്ടാം!

മനുഷ്യ ജന്മം ഒരു സ്വപ്നമെന്നു
നിനച്ചിടാന്‍ വൈകിയറിഞ്ഞു കൊള്‍ക!
മനുഷ്യ ചിത്തം കുതി കൊണ്ടുചാടും
നനുത്ത ചിന്തയ്ക്കെവിടെ പ്രസക്തി?

അരക്ഷണം കൊണ്ടു നിലച്ചു പോവാം
കടുത്ത സത്യത്തിനെ നേരിടുമ്പൊഴും
മനുഷ്യ നിന്‍ വാസന നിന്നെയെന്തേ
കുരുക്കിടുന്നൂ, തരികില്ല മോചനം!

നിനക്കു നേടേണ്ടതിതൊന്നു മാത്രം
കലര്‍പ്പതില്ലാത്തൊരു ദിവ്യസ്നേഹം,
“അഹം“, “എനിയ്ക്ക്”“എന്റെ“ഇതൊക്കെ യങ്ങു
മറക്കുവാനൊട്ടു ശ്രമിച്ചിടൂ നീ

Sunday, December 9, 2007

അമ്മേ...മൂകാംബികേ...

ഇല്ലിന്നേനാള്‍വരേയുമടിയന്നിങ്ങോട്ടുവന്നീടുവാന്‍
കൊല്ലൂരില്‍ വാഴുമമ്മേ!ഭഗവതി!അടിയന്നിന്നു ഭാഗ്യം ലഭിച്ചൂ!
എല്ലാനേരവുമോര്‍ത്തിതെന്‍ മനമതില്‍, വന്നൊന്നു ദര്‍ശിയ്ക്കുവാന്‍,
എന്തോ നേരമതായതില്ല,യതിനാലാവാം, ക്ഷമിച്ചീടണേ!

ഇന്നോര്‍ക്കാപ്പുറമിങ്ങു വന്നു, സുക്ര്തം, ദര്‍ശനം കിട്ടി,യെന്നില്‍-
ക്കണ്ണാലേകുക, നിന്‍ കടാക്ഷ,മതിനായമ്മേ കനിഞ്ഞീടണം!
ഇന്നത്തെപ്പോലെ വീണ്ടും ഇഹവന്നൊന്നു ദര്‍ശിച്ചു പോവാന്‍
നിന്‍ കാക്കല്‍ കുമ്പിടാന്‍, കഴിയണമതിനായ് നിന്‍ പദം കുമ്പിടുന്നേന്‍!

അമ്മേ! അക്ഷരമാല തന്റെ കളികള്‍ക്കാധാര നീയല്ലയോ?
അമ്പത്തൊന്നക്ഷരങ്ങള്‍ക്കതിമധുരമതും നല്‍കുന്നു നീയംബികേ!
അന്തം തെല്ലേതുമില്ലേയടിയനു വര്‍ണിയ്ക്കുവാന്‍ വാക്കു, നീയി-
ന്നെല്ലാം നല്‍കിയനുഗ്രഹമിദം തന്നീടണേയംബികേ!


(മനസ്സില്‍ മോഹമുണ്ടായിട്ടും ഇതു വരെ മൂകാംബികാദര്‍ശനം കഴിയാതിരുന്ന എനിയ്ക്കു അപ്രതീക്ഷിതമായതിനു സാധിച്ചപ്പോള്‍ സന്നിധാനത്തിലിരുന്നു കുത്തിക്കുറിച്ച വരികളാണിവ.മനസ്സിലെ സന്തോഷത്തെ വാക്കാല്‍ പകര്‍ത്താന്‍ അസാധ്യമായിത്തോന്നിയ നിമിഷം.)

Thursday, December 6, 2007

അണിയറ ശില്പികള്‍

ഒരു നേട്ടത്തിന്‍മിഴിവിലതിനെഴും
കഥ്കേള്‍ക്കാനാളുകളുണ്ടസംഖ്യം
ഒരുനേരമതിന്‍ പുറകാരിതെ-
ന്നറിയുന്നോര്‍ വളരെക്കുറച്ചു മാത്രം!

അറിയാമെന്തൊരു കാര്യമായതാലും
അതിയായ് വളരേണമെന്നിതാകില്‍
അതിനായി ശ്രമം നടത്തിടാനായ്
അറിവുള്ളവരൊട്ടു വേണമല്ലൊ!

ഒരു കാര്യവുമൊറ്റയായി-
ത്തനിയേ ചെയ്തിടുവാനസാധ്യം!
ഇരു കൈകളുമൊത്തു ചേര്‍ത്തു കൊട്ടാന്‍
കഴിയാഞ്ഞാലെവിടുണ്ടു ശബ്ദം?

“കളിയിന്നിതു കേമമതായി“യെന്നു
പറയനൊട്ടെഴുതില്ല മേല്‍ക്കുമേലെ
അതിലെക്കഥ, പിന്നെ പാട്ടു പിന്നെ-
യതിഗംഭീര നടന്റെ പാടവം,

ഇതിലേതു കുറഞ്ഞിരുന്നിതെന്നാല്‍
‘അതികേമ‘മതെന്നു ചൊല്ലും
കളിയും ബത മോശമായിമാറും
അണിശില്പികള്‍ ഒട്ടു വേറെയേറും!


ഒരു ചിത്രപടത്തെ നന്നു നന്നെ-
ന്നെഴുതാനില്ലയൊരൊട്ടു നൈമിഷം
അതിനേറ്റതു ക്ലേശമെത്ര നേരം,
അതു കൂട്ടശ്രമമെന്നു കണ്ടു കൊള്‍ക!

ശ്രദ്ധിയ്ക്കൂ!

കാലം കലികാലം
കാണാം പലവേഷം
കാണും പല ദോഷം
വേണം ഗുണമാര്‍ക്കും!

കാര്യം ചിലരോതും
കാണ്മാനെളുതേതും
കാര്യത്തിനടുത്താല്‍
കാണ്മാനില്ലവരും.

പാലം പണിതെന്നാല്‍
നേരാണുപയോഗം
നേരേവരവിങ്ങോ-
ട്ടങ്ങോട്ടും പോകാം!

നേരിന്നു പറഞ്ഞാല്‍,
നേരായി നടന്നാല്‍,
ആരെപ്രതിഭീതി
യാരാര്‍ക്കും വേണ്ടാ!

Wednesday, December 5, 2007

അനുഗ്രഹം

ഒരല്പം കിട്ടി പ്രത്യേകത,യതു ദൈവത്തിന്നു തെറ്റായതാവാം
മനുഷ്യന്‍ സ്രുഷ്ടി തൊട്ടേയതിനു കടപ്പെട്ടുവെന്നെങ്കിലും ഹാ!
മനസ്സില്‍ പൊട്ടിടും തന്‍ വിവിധ വികാരങ്ങള്‍ വാഗ്രൂപമായി
പുറത്തേയ്ക്കാനയിയ്ക്കാനവനു കഴിവതിന്നൊന്നു കേമം, ധരിയ്ക്ക!

വിചിത്രം ശബ്ദമൊട്ടിന്നനവധി മ്റ്ഗജാതിയ്ക്കുമിണ്ടെന്നിതെന്നാ-
ലൊരുത്തര്‍ക്കിന്നിതേപോല്‍ സുലളിതമതായോതിടാനാവതില്ല
അടുക്കും ചിട്ടയോലും അതിലളിത പദാവലീശബ്ദമോടെ
ഭരിപ്പൂ ഭൂമിതന്നെ, മനിതനിവനിതുതന്‍ വാക്കതിന്‍ ശക്തിയാലെ!

ശരിയ്ക്കും കാര്യവൈവേചന മതിയറിഞ്ഞേകി ദൈവം, മനുഷ്യ-
ന്നരിഷ്ടം തെല്ലുപോലും വരരുതു നിനച്ചായിടാമെന്നു തോന്നും!
ഇതില്ലാമാനുഷന്‍ തന്‍ കഥയൊരു നിമിഷം ഓര്‍ക്ക പോലും അസാധ്യം
തിമര്‍ക്കും കാടിനുള്ളില്‍,ഇനിയൊരു മ്ര്ര്ഗമായിന്നവന്‍ , കഷ്ടമോര്‍ത്താല്‍!

Tuesday, December 4, 2007

മായം... സര്‍വത്ര മായം..

ഫലങ്ങള്‍ തിന്നീടുക, ദേഹരക്ഷാ-
ബലം ലഭിച്ചീടുമിതോര്‍പ്പു നമ്മള്‍,
ഫലത്തില്‍ ലാഭത്തിനു ചേര്‍പ്പു മായം,
ഫലം? അനാരോഗ്യമിതെത്ര കഷ്ടം?

കുടിച്ചിടാം പാലതു നല്ലതെത്ര,
ചെറുപ്പകാലത്തിലെ ശീലമല്ലേ?
എനിയ്ക്കു പേടിച്ചതിനാവതില്ല
കലക്കിടും പാലിലെ മായമോര്‍ത്താല്‍.

കഴിയ്ക്കു പച്ചക്കറി, ചോര നീരി-
ന്നിതത്രെ വേണ്ടു,മകനോടു ചൊല്ലാം!
മുഴുത്തിടാന്‍, കീടമകറ്റിടാനായ്
തളിച്ചിടും ദ്രാവകമെത്ര രൂക്ഷം!

എനിയ്ക്കു വയ്യാ,യിവയോര്‍ത്തിരുന്നാല്‍
കഴിയ്ക്ക വയ്യാ, യൊരു സാധനങ്ങളും
നശിച്ചിടാന്‍ നേരമതായിയെങ്കില്‍
വിധിയ്ക്കു കുറ്റം പറവല്ലെ, നല്ലൂ!

ഒരല്പം സ്വകാര്യം

ഒരു പുസ്തകത്തിന്റെ താളില്‍
ഒരു കൂട്ടം അക്ഷരങ്ങലുടെ തടവറയില്‍
എനിയ്ക്കാവില്ലല്ലോ തളയ്ക്കാന്‍,
ഇവയെന്റെ സ്വകാര്യങ്ങള്‍!

മഴയും , മഞ്ഞും,വെയിലും
നിറയും കാലം തന്നൊരു
സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളും
ഇവിടെയെനിയ്ക്കെഴുതാനാവില്ല.

മധുരം നിറഞ്ഞ യൌവനം
മനസ്സില്‍ വരച്ച ചിത്രങ്ങള്‍
പലതും മായിച്ചു രസിച്ച
വിധി തന്നെക്കുറിച്ചുമില്ല.

എവിടെയോ ഞാന്‍ തേടി,
എന്തിനെയെന്നറിഞ്ഞില്ല,
നഷ്ടങ്ങളെക്കുറീച്ചെനിയ്ക്കില്ല ഖേ:ദം
നേട്ടങ്ങളെക്കുറിച്ചുണ്ടു ബോധം.

ഉണ്ടു സ്വന്ത്മാം കൊച്ചുദു:ഖങ്ങളെങ്കിലു-
മിന്നു സന്തുഷ്ട ഞാന്‍!
കാലം കളിച്ച കളികളില്‍
എന്റെ നഷ്ട സ്വപ്നങ്ങളെ മറന്നല്ലോ ഞാന്‍!

കണ്ടെത്താനായ പുതിയ മാനങ്ങ-
ളെന്നെ മുന്നോട്ടു നയിക്കുമ്പോള്‍
ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിലു-
മെന്‍ മോഹംമെല്ലെ നയിപ്പു മുന്നില്‍!

Sunday, December 2, 2007

തൊട്ടാവാടി

ഒരു കാറ്റു വീശിയാല്‍ ,വിറ കൊണ്ടിടുന്നുവോ?
ഇതുപോലെയെത്രയോ കാറ്റിനി വന്നിടും!
ഒരു കൊച്ചുപേമാരിയേറ്റിടാനാവില്ല-
യിനിയെത്രയൊ വന്നിടാനിരിയ്ക്കുന്നു ഹേ!
ഇതു സ്വപ്നഭൂമിയല്ലിവിടെജ്ജനിയ്ക്കുവോ-
ര്‍ക്കൊരുപാടു സത്യത്തെ നേരിടേണം, സഖേ!
ഒരുപാടു നേര്‍ത്തൊട്ടു വാടീക്കുഴഞ്ഞിടു-
മൊരു തൊട്ടാവാടിയായ് മാറിടാതിന്നു നീ!

നഗരക്കാഴ്ച്ചകള്‍---1

പലരും പറയാറുണ്ടു, നഗരം ഹ്രുദയശൂന്യമാണെന്നു.നെട്ടോട്ടമാണല്ലോ, ഇവിടെ? നേടാന്‍...നേടി നേടി വലിയവനാവാന്‍....സമയമില്ല, ഒന്നിനും തന്നെ.ദിവസങ്ങള്‍ വാച്ചിന്റെ സൂചിയുടെ അനക്കളിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരിയ്ക്കുന്നു. അനക്കങ്ങള്‍ കുറിയ്ക്കുന്നതോ, നേട്ടങ്ങളുടെ കണക്കുകളും!അയ്യൊ! എവിടെ നില്‍ക്കാന്‍...എനിയ്ക്കു ആരുടെയും പിന്നിലാവണ്ട....ഞാന്‍...ഞാന്‍...

നഗരത്തിന്റെ ഒരല്പം ‘ഹാപനിങ്’ ആയ പ്രദേശത്തെ ഈ ഹൌസിങ് കോളനിയിലെ പലരും വലിയ നേതാക്കന്മാരുറ്ടെ അടുത്ത ബന്ധുക്കള്‍....ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ ഏറ്റവുമാദ്യം ഇവിടെയാണു കാണാരു പതിവു.വീട്ടിലെ ഓരോ അംഗത്തിനും വേറെ വേറെ കാറുകള്‍.നിത്യവും കാണുന്നവര്‍ക്കും ഒരു ‘ഹായ്” പറയാന്‍ വിഷമം.ലിഫ്റ്റില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള കണ്ടുമുട്ടലുകള്‍ ഒഴിവാക്കാന്‍ പറ്റാതെ വരുമ്പോഴുള്ള ഒഴുക്കന്‍ മട്ടിലുള്ള അഭിവാദനം.തുടക്കത്തില്‍ ഒരല്പം വിഷമം തോന്നാതിരുന്നില്ലെന്നതു സത്യം...ഇപ്പോള്‍ തിരിച്ചു കാണിയ്ക്കാനും വിഷമം തോന്നാറില്ല.തൊട്ട ഫ്ലാറ്റിലെ കുടുംബത്തിനെ ഒരു രണ്ടുമാസത്തോളമായി കണ്ടിട്ടു.ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ, ഇവിടുത്തെ മനുഷ്യരെക്കുരിച്ചു....അവര്‍ തിരക്കിലാണു...നേരമില്ല, ഒന്നിനും..കൊച്ചുവര്‍ത്തമാനം പറയാനൊ, ആസ്വദിയ്ക്കാനോ...

ആഹാ...നിങ്ങള്‍ വിചാരിച്ചുകാണും, എന്റെ മനസ്സില്‍ വലിയ വിഷമമുണ്ടാകും, അതാണു ഞാന്‍ ഇതെല്ലാം എഴുതുന്നതെന്നു...ഹേയ് ..അതല്ല, പിന്നെ ? ആ ..ശരിതന്നെ ഇന്നിതെഴുതാനൊരു ചെറിയ കാരണം ഇല്ലാതില്ല.സംഭവം ഇതാണു. ഇന്നു പുലര്‍ച്ചെ തൊട്ടു മുകളിലെ ഫ്ലാറ്റിലെ ബിസിനസ്സുകാരനായ ഗുജറാത്തി മരിച്ചു.ഒരു ധര്‍മ്മ സങ്കടം...അവിടെ പോകണമോ വേണ്ടയോ?കാലത്തിനനുസരിച്ചു കോലം കെട്ടിയെന്നാലും നമ്മുടെ സംസ്ക്കാരം, അതു മാറ്റാന്‍ വിഷമം തന്നെ, മനസ്സാക്ഷി എന്നൊന്നുണ്ടല്ലൊ?ഔപചാരികതയുടെ മുഖമ്മൂടി അണിയാന്‍ അതിലേറെ മടി. അഭിപ്രായമാരാഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മറുപടി ശരി വയ്ക്കാനേ തോന്നിയുള്ളൂ.

“നമ്മള്‍ ഇവിടെ താമസിച്ചു തുടങ്ങിയിട്ടു എത്ര വര്‍ഷങ്ങളായി?“

‘പന്ത്രണ്ടു വര്‍ഷം“

‘ഇതിനിടെ നീ എത്ര പ്രാവശ്യം അവരുടെ വീട്ടില്‍ പോയിട്ടുണ്ടു?”

“ഒരിയ്ക്കല്‍പ്പോലും ഇല്ല.”

“അവര്‍ നമ്മുടെ വീട്ടിലോ?”

“അതും ഇല്ല”

“പിന്നെ......?”

ഒരല്പം സമാധാനമായി.എന്നാലും സംശയം ബാക്കി.....ഇതാണൊ നഗരത്തിലെ ഹ്രുദയശൂന്യതയെന്നൊക്കെപ്പറയുന്നതു? തെറ്റാണൊ ചെയ്തതു?എന്തേ മനസ്സില്‍ ഇനിയും ഒരു ചെറിയ ഘനം?
തെറ്റാണെങ്കില്‍ ദൈവം ക്ഷമിയ്ക്കട്ടെ!

Saturday, December 1, 2007

വാക്കും നോക്കും

വാക്കിന്റെ മൂര്‍ച്ചയിതു തെല്ലു കുറച്ചിടാനും
നോക്കിന്റെ മാര്‍ദ്ദവമൊരല്പമതേറ്റിടാനും
കാക്കുന്ന ദൈവമെനിയ്ക്കു തുണച്ചിരുന്നാല്‍
ആക്കില്ല ക്രൂര, യിതു സത്യ, മറിഞ്ഞുകൊള്‍ക!

വാക്കെങ്ങു വേണമതറിഞ്ഞിരുന്നാ-
ലേല്‍ക്കേണ്ട പോലെയതുതന്നെ പറഞ്ഞിരുന്നാല്‍
കേള്‍ക്കേണ്ടവര്‍ കേള്‍ക്കുക തന്നെ ചെയ്യും
വാക്കിന്നു വാളിന്‍ സമമെന്നു ചൊല്‍വൂ!

നോക്കിന്നസാരം കഴിവുണ്ടു നൂനം
നോക്കാലെ വാക്കിന്‍പണി ചെയ്തിടാം, ഹേ!
വാക്കിന്നുമാധുര്യമതേറുമെങ്കില്‍
നോക്കിന്റെ കാരുണ്യമതൊന്നു വേറെ!

നാക്കാകിലും, സ്വാന്തനശബ്ദമോലും
നോക്കാകിലും പുനരിതറിഞ്ഞു കൊള്‍ക
ഓര്‍ക്കാപ്പുറത്തെദ്ദുരുപയോഗമിന്നു
തീര്‍ത്താല്‍ തിരുത്തായതു മാറിടുന്നു.

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...