Wednesday, April 9, 2008

വിഷു


വന്നെത്തിയല്ലോ ഒരുവിഷുവും കൂടിയിന്നു

സ്വര്‍ണ്ണത്തേരിങ്കലോര്‍മ്മതന്‍ സുഖ-ദു:ഖങ്ങളെ-

യെന്നെയോര്‍മ്മിപ്പിച്ചീടാന്‍,വലിയ്ക്കാന്‍ പുറകോട്ടി-

തെന്നിലെക്കുട്ടിത്തത്തെയൊന്നുണര്‍ത്തീടാന്‍, പിന്നെ

യെന്നെന്നൊ നഷ്ടപ്പെട്ട ബാല്യത്തിന്‍,കൌമാരത്തിന്‍

എന്തെന്തെല്ലാമോ ഓര്‍ത്തു ദു:ഖിച്ചീടുവാ,നിന്നു

മണ്മറഞ്ഞോരെന്‍ പ്രിയര്‍ തന്നെയോര്‍ത്തിടാന്‍, പിന്നെ

കൈനീട്ടി വാങ്ങാറുള്ള വിഷുക്കൈനീട്ടത്തിനെ

കാത്തു മിഠായിച്ചെപ്പിനുള്ളില്‍ ഞാന്‍സൂക്ഷിച്ചതും

കൈ രണ്ടും കാതില്‍പ്പൊത്തി പടക്കം പൊട്ടിച്ചതും

ചൂടുള്ള കമ്പിത്തിരിയൊന്നതില്‍ചവിട്ടീട്ടു

കാല്‍ പൊള്ളിച്ചതു,മേറെക്കരഞ്ഞ നേരത്തമ്മ-

യെടുത്താശ്വസിപ്പിച്ചിട്ടുമ്മ വച്ചൊട്ടുസ്നേഹാല്‍

വറുത്തുപ്പേരി കൈയില്‍ തന്നതു,മനിയനെ

ക്കൊതിപ്പിച്ചതു തിന്നു സാഫല്യം നേടുംനേര-

മൊരൊട്ടു പൊള്ളല്‍ തന്റെ വേദന മറന്നതു-

മിതൊക്കെയോര്‍മ്മിപ്പിയ്ക്കാ‍നായിതോ വിഷു വന്നൂ?


ഒരുക്കട്ടെ ഞാന്‍ കണി,യോര്‍ക്കട്ടെ കഴിഞ്ഞൊരാ-

മറക്കാനരുതാത്തതാത്ത നിമിഷങ്ങളെ,വീണ്ടും

വരുവാനിരിയ്ക്കുന്ന നല്ലകാലത്തെയൊട്ടി-

തെതിരേല്‍ക്കട്ടേ,നന്മ വരട്ടേയെല്ലാവര്‍ക്കും!

കണിക്കൊന്നയും തേങ്ങ, മാങ്ങയും ,പനസവും

ഫലമൂലാദികളു, മടയ്ക്ക വെറ്റിലയു-

മരികെ ക്കൃഷ്ണന്‍ തന്റെ പടവും, പുതു മുണ്ടു-

ദശപുഷ്പവും, അഷ്ടമംഗല്യം ,കണ്ണാടിയു-

മിതൊക്കെ വെച്ചെന്‍ കണീ തയ്യറാക്കട്ടെ,പിന്നെ

യടുക്കളയില്‍ സദ്യയൊരുക്കാനുമുണ്ടല്ലൊ!

വരട്ടേയെല്ലാവര്‍ക്കും നല്ല നാളുകള്‍ ദൈവം-

തരട്ടേ ക്ഷേമം, സമ്പല്‍ സമൃദ്ധിയെല്ലാവര്‍ക്കും

ഒരിയ്ക്കല്‍ക്കൂടിവിഷുദിനത്തിന്നാശംസക-

ളിരിയ്ക്കട്ടെ,കണ്ടീടാം പുതുവത്സരത്തിങ്കല്‍!






Friday, April 4, 2008

പുഴയുടെ സ്വപ്നം


യാത്ര ഞാന്‍ തുടങ്ങിയിട്ടൊട്ടേറെ നാളായൊരു-
മാത്ര പോലുമേയെടുത്തില്ല വിശ്രമം തെല്ലും,
ഓര്‍ത്തുപോകുന്നു മാരി് നിര്‍വിഘ്നം ചൊരിഞ്ഞൊരാ-
രാത്രി ,ഞാന്‍ ജന്മം കൊണ്ടു പുഴയായ് ,സന്തോഷത്താ-
ലാര്‍ത്താത്തു ചിരിച്ചുല്ലസിച്ചൊരുനിമിഷവു-
മോര്‍ത്തിടില്‍ മനമൊട്ടു കുളിര്‍പ്പു,വെന്നാകിലു-
മാമല മുകള്‍നിന്നു താഴോട്ടു പതിയ്ക്കുമ്പോ-
ളാകുലചിത്തത്തോടെ വാവിട്ടു കരഞ്ഞതും
ഒരൊട്ടു നേരം കഴിഞ്ഞില്ലതിന്‍ മുന്‍പേ യെനി-
യ്ക്കൊരല്പമാശ്വാസത്തിന്‍ കൈകളായൊരുപാടു-
ചെറുനീരുറവകളെത്തിയെന്‍ സഖികളാ-
യധികം വേഗാല്‍ പോകാനൂക്കതു പിടിച്ചതും
കളിയും ചിരിയുമായ് കളനാദത്താല്‍ ഞാന-
ന്നനങ്ങിക്കുണുങ്ങീക്കൊണ്ടനര്‍ഗളമായ് പേടി-
യതൊട്ടു മറന്നേറെയൊഴുകീടവേയാരോ
പറഞ്ഞു, പ്രിയന്‍ തന്നെക്കാണുവാനിനിയില്ല-
യധികം ദൂരം, ഓര്‍ക്കുമ്പോഴെന്റെ മനം തുടി-
യതൊന്നു കൊട്ടീടുന്നു, കേള്‍ക്കുവാനില്ലേ?യിനി
യൊരൊറ്റ മോഹം മാത്രമലിയാനവനിലായ്!
ഒഴുക്കിന്നിതുനിര്‍ത്തി ജന്മസാഫല്യം നേടാന്‍!



Monday, March 31, 2008

ജീവിതദര്‍ശനം



ജീവിതമെന്തു വെറുമൊഴുക്കുമാത്ര,മന്ത-
മേതുമേയില്ല,കര കാണ്മാനുമാവതില്ല.
സ്വച്ഛന്ദമൊഴുകീടാം സ്വാര്‍ത്ഥത വെടിഞ്ഞു നീ
സ്വസ്ഥമായ് ഗതിയ്ക്കൊത്തു നീന്തിയെന്നാകില്‍,പക്ഷേ
‘ഞാനെ’ന്ന വികാരത്തിന്നടിമപ്പെടുന്നാകി-
ലായിരം പ്രശ്നങ്ങള്‍ തന്‍ ചുഴിയിലകപ്പെടാം,
ഗതി മാറിടാം,ഒറ്റപ്പെട്ടിടാം,സ്വയം തീര്‍ത്ത
വലയില്‍ കുടുങ്ങിയിട്ടൊട്ടേറെക്കുഴങ്ങീടാം.
വിധിയാണെല്ലാമെന്നു പ്രലപിച്ചീടാം, വരും
ദുരിതങ്ങളെയെല്ലാമൊന്നൊന്നായ് സഹിച്ചിടാം.
ജീവിതമൊരു വെറും സ്വപ്നമാണെന്നും മായാ-
മോഹമാണെന്നുമറിയുന്നവര്‍ക്കില്ലാ ദു:ഖം.
പരിപൂര്‍ണ്ണതയ്ക്കെഴും പരമാണുവെന്നാലു-
മെഴുതപ്പെട്ടല്ലോ നിന്‍ ഭാഗഭാക്കീലോകത്തില്‍
ഇവിടെജ്ജീവിയ്ക്കുകയല്ല നീ മറിച്ചിന്നു
നിനയ്ക്ക,നിന്‍ ജീവിതം ജീവിയ്ക്കപ്പെടുന്നല്ലോ!
ഒഴുകൂ ഗതിയ്ക്കൊത്തു, ഭാഗഭാക്കാവൂ, നിന-
ക്കൊരൊട്ടു നിയന്ത്രണമില്ലിതെന്നറിഞ്ഞിടൂ
ഒന്നെന്ന സമ്പൂര്‍ണ്ണത തന്നിലേയ്ക്കൊഴുകിടൂ
ഒന്നിനേക്കുറിച്ചുമേ ചിന്തിയ്ക്കാതിരുന്നിടൂ!

Thursday, March 20, 2008

യാത്രാമൊഴി


ഇവിടെക്കൊഴിഞ്ഞൊരുപൂവിന്നലെയൊരു
മധുരക്കനവിനെച്ചുട്ടെരിച്ചും
ഒരുപാടു നൊമ്പരമേകിയുമെന്തിനോ
കരയിച്ചു നമ്മളെയൊക്കെ കഷ്ടം!

പറയുവാനില്ലെനിയ്ക്കെന്തുമേ നിന്നോടു
പരിഭവമോതിയിട്ടെന്തു നേടാന്‍?
കരയല്ലെയെന്നു നിന്‍ പ്രിയനോടു ചൊല്ലിടാ-
നരുതില്ലതാവതില്ലൊട്ടു പോലും!

അരുമക്കിടാവിനെ കാത്തു സൂക്ഷിച്ചിത്ര
മണിപോല്‍ക്കരുതിയ മാതൃരൂപം
കഴിയില്ല കണ്ണാല്‍,മനസ്സിനാല്‍ കാണുവാ-
നൊരുപോള കണ്ണടച്ചീടുവാനും!

ഇവിടെ നീ ദു:ഖത്തിലാഴ്ത്തിയവര്‍ക്കെല്ലാ-
മരുളട്ടെ ദൈവം, സഹനശക്തി.
കരയല്ലെയെന്നു പറഞ്ഞിടുന്നാരുമേ-
യറിയാതെ ഞാനും കരഞ്ഞിടട്ടേ!

Tuesday, March 11, 2008

പ്രതീക്ഷകള്‍........


പ്രതീക്ഷകള്‍ ജീവിത സ്വാര്‍ത്ഥകത്തിനായ്
പ്രപഞ്ച്സത്യം,നിറമൊട്ടു കൂടിടും
വിടര്‍ന്നൊരിന്നിന്‍പുറമെന്തു, കണ്ടീടാ-
നൊരൊട്ടു ജിജ്നാശ,യതൊന്നു മാത്രം!

കഴിഞ്ഞകാലത്തിനു മാറ്റു പോരെ--
ന്നൊരുത്തനോതി,യിതു മാറ്റിടേണം
അതിന്നു നൂറായിരമുണ്ടുകാരണം
അതിന്നു ശേഷം സുഖമൊന്നു നേടിടാം.

ഇതായിടാം മര്‍ത്ത്യനു തന്റെയിസ്ഥിതി-
യ്ക്കതീമായെന്തുമതൊട്ടു നേടിടാ-
നൊരാര്‍ത്തി, നാളെയ്ക്കു പ്രതീക്ഷ, നന്നായ്
വരാന്‍,മുറയ്ക്കിന്നു നടപ്പതിന്നായ്!

അറിഞ്ഞിടൂ കൂട്ടരെ,സ്വപ്നമില്ല,
പ്രതീക്ഷ തെല്ലും ഭുവനത്തിലെങ്കില്‍
നരന്റെ മോഹത്തിനു മാറ്റു കൂട്ടും
കടും പ്രയത്നം കണി കാണ്മതാമോ?

Wednesday, March 5, 2008

ഒരു ‘സ്വകാര്യ‘ പ്രാര്‍ത്ഥന


ഒന്നുമില്ലെനിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാനെന്നാലെനി-
യ്ക്കുണ്ടല്ലോ ദേവാ,പറഞ്ഞീടുവാന്‍ രഹസ്യമായ്
ഒന്നല്ലൊരയ്യായിരം കാര്യങ്ങളെന്നാലിന്ന-
തൊന്നും ഞാന്‍ പറയില്ലയൊന്നുമാത്രമേവേണ്ടൂ!

പണ്ടെന്നും പലര്‍ക്കുമങ്ങേകിയില്ലയോ രക്ഷ-
യിന്നെന്റെ ശംഭോ!ഞാ‍നും കേഴുന്നു,കരുണയ്ക്കായ്
എന്‍മനം നൊന്തു ഞാനുമുരുകീടുന്നു, വന്നെന്‍
കണ്‍തുടച്ചീടാനായിപ്രാര്‍ത്ഥിപ്പു,കേട്ടീടണേ!

എന്തു ഞാന്‍ വരംചോദിപ്പെന്നു നീയറിയുന്നു-
വെങ്കിലുമൊരുവട്ടം കൂടി ഞാന്‍ പറയട്ടേ?
എന്നിലെ മനുഷ്യത്തമൊന്നുണര്‍ത്തീടാനൊട്ടു-
കണ്‍ തുടച്ചന്യന്‍ ദുഖമൊന്നൊരിത്തിരി മാറ്റാന്‍!

ഇന്നു ഞാന്‍ ചുറ്റും കാണ്മതൊന്നുമാത്രമീ മായാ-
ബന്ധനവലയമതിന്‍പുറമെന്തൊന്നാമോ?
ഇന്നു ഞാന്‍ നാളെ നിനക്കെന്നറിഞ്ഞിട്ടും നര-
നെന്തിതേ വലയത്തിന്നുള്ളിലായൊതുങ്ങുന്നു?

സഹിയ്ക്കാന്‍,പൊറുത്തിടാനാത്മനൊമ്പരമതു-
മറക്കാന്‍,സ്നേഹിച്ചിടാന്‍കഴിവുണ്ടായീടണേ!
മനസ്സു മുട്ടിയന്യനായി ഞാന്‍ പ്രാര്‍ത്ഥിച്ചെന്നാ-
ലൊരൊട്ടു സുഖമവന്നുണ്ടായിവന്നീടണേ!

Monday, March 3, 2008

പെറുക്കിക്കൂട്ടിയവ.....


ഇല്ലൊട്ടുംഅര്‍ത്ഥമില്ലാത്തൊരിയുലകത്തിന്റെ പോക്കെന്തിനാണോ
ഇന്നിന്‍ സ്പന്ദനമൊന്നുമാത്രമിവിടെക്കാണുന്നു ഞാന്‍ സത്യമായ്
എല്ലാം മിഥ്യ,യതിന്‍പുറത്തു നരനുംനെട്ടോട്ടമോടുന്നിതോ
തെല്ലുംകാമ്യമതൊന്നുമാത്രമിവിടെശ്ശ്രീക്രുഷ്ണ പാദാംബുജം!

മനുഷ്യനൊന്നേ നിരുപിപ്പു,വെന്നാ-
ലതിന്‍പുറം ദൈവമറിഞ്ഞിടുന്നു
നരന്റെ നന്മയ്ക്കുളവായതെല്ലം
പരന്‍ കനിഞ്ഞേകിടുമെന്നു നൂനം!

ആര്‍ക്കും ചൊല്‍വതിനാവതില്ലയിവിടെക്കാലം കടന്നീടുകില്‍
ആള്‍ക്കാര്‍ ജീവിതമറ്റുപോയിയിവിടെസ്സര്‍വം നശിച്ചീടുമോ?
കാറ്റുംവെള്ളവുമെന്നുവേണ്ട സകലം ജീവന്നു വേണ്ടേണ്ടതി-
ന്നൊട്ടും കെട്ടൊരു ഭൂമിയായിയിവിടം മാറീടുമോ ചൊല്ലിടാ!

പറഞ്ഞിടാം കൂട്ടരെ കേട്ടുകൊള്‍ക
ഉയര്‍ന്നിടാന്‍ തെല്ലു ഞെരുക്കമാവാം
ഒരിയ്ക്കലങ്ങെത്തിടുകെങ്കിലോ, കേള്‍
തനിയ്ക്കു വേണ്ടത്ര സ്ഥലം ലഭിയ്ക്കാം!

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...