
ഉറങ്ങിക്കിടക്കുമെന്നാത്മ നൊമ്പരങ്ങളേ
യെനിയ്ക്കോതിടാനില്ലയൊന്നും,സുഖമാ-
യുറങ്ങൂ, വിളിച്ചില്ലയാരും ,പതുക്കെ
മറന്നൊരു നാളെ തന് സ്വപ്നങ്ങള്‍ കാണൂ!
സഹിയ്ക്കാന്‍ പഠിപ്പിച്ചു നീയെന്നെ,യൊട്ടു
ത്യജിയ്ക്കാന്‍, മറക്കാന്‍, മനസ്സിന്റെയുള്ളി-
ലൊരൊട്ടു മറച്ചിതു വയ്ക്കാന്‍, കഴിഞ്ഞി-
ല്ലൊരിയ്ക്കലും വാളൊന്നു മൂര്‍ച്ചകൂട്ടീടാന്‍,
മനസ്സില്‍ വിദ്വേഷത്തിന് വിത്തൊന്നു പാകാന്‍,
കഴുത്തൊന്നുവെട്ടാന്‍, കുതിച്ചുപൊങ്ങീടും-
കടുത്ത വിഷാദം കടിഞ്ഞാണിലേറ്റാന്‍
എനിക്കാവതില്ലല്ലോ,യിന്നും നിനച്ചാ-
ലെനിയ്ക്കില്ല ധൈര്യം പലതും നിനച്ചീ-
കരുക്കളെ നീക്കാന്‍, കുരുക്കാ,നരിയ്ക്കു
തലയ്ക്കു മുകളിലായ് ഖഡ്ഗം പിടിയ്ക്കാന്‍,
തനിയ്ക്കു താന്‍പോരിമയിന്നിതു കാട്ടാന്‍!
എനിയ്ക്കു വഴി നേരെയൊന്നിതുമാത്രം,
എനിയ്ക്കു തുണയായിതെന്‍ നിഴല്‍ മാത്രം,
മിഴിയ്ക്കു നനവെന്‍ വിധി തന്റെ കോട്ടം,
മൊഴിയ്ക്കു മധുരമതിന്നെന്റെ നേട്ടം!