
ജീവിതമെന്തു വെറുമൊഴുക്കുമാത്ര,മന്ത-
മേതുമേയില്ല,കര കാണ്മാനുമാവതില്ല.
സ്വച്ഛന്ദമൊഴുകീടാം സ്വാര്‍ത്ഥത വെടിഞ്ഞു നീ
സ്വസ്ഥമായ് ഗതിയ്ക്കൊത്തു നീന്തിയെന്നാകില്‍,പക്ഷേ
‘ഞാനെ’ന്ന വികാരത്തിന്നടിമപ്പെടുന്നാകി-
ലായിരം പ്രശ്നങ്ങള്‍ തന് ചുഴിയിലകപ്പെടാം,
ഗതി മാറിടാം,ഒറ്റപ്പെട്ടിടാം,സ്വയം തീര്‍ത്ത
വലയില്‍ കുടുങ്ങിയിട്ടൊട്ടേറെക്കുഴങ്ങീടാം.
വിധിയാണെല്ലാമെന്നു പ്രലപിച്ചീടാം, വരും
ദുരിതങ്ങളെയെല്ലാമൊന്നൊന്നായ് സഹിച്ചിടാം.
ജീവിതമൊരു വെറും സ്വപ്നമാണെന്നും മായാ-
മോഹമാണെന്നുമറിയുന്നവര്‍ക്കില്ലാ ദു:ഖം.
പരിപൂര്‍ണ്ണതയ്ക്കെഴും പരമാണുവെന്നാലു-
മെഴുതപ്പെട്ടല്ലോ നിന് ഭാഗഭാക്കീലോകത്തില്‍
ഇവിടെജ്ജീവിയ്ക്കുകയല്ല നീ മറിച്ചിന്നു
നിനയ്ക്ക,നിന് ജീവിതം ജീവിയ്ക്കപ്പെടുന്നല്ലോ!
ഒഴുകൂ ഗതിയ്ക്കൊത്തു, ഭാഗഭാക്കാവൂ, നിന-
ക്കൊരൊട്ടു നിയന്ത്രണമില്ലിതെന്നറിഞ്ഞിടൂ
ഒന്നെന്ന സമ്പൂര്‍ണ്ണത തന്നിലേയ്ക്കൊഴുകിടൂ
ഒന്നിനേക്കുറിച്ചുമേ ചിന്തിയ്ക്കാതിരുന്നിടൂ!