
നീങ്ങുന്നു യാന്ത്രികമായി മുന്നോട്ടു
വരിതെറ്റാത്ത കാലുകളുടെ കൂട്ടം.
അരിച്ചിറങ്ങുന്ന ഉറുമ്പുകള്‍പോലെ
നിശ്ശബ്ദമായൊരു അവസാന യാത്ര.
കണക്കുകള്‍ ,കൂട്ടിയതും കൂട്ടാത്തതും,
എത്രയോ ബാക്കി വെച്ചു
കണക്കില്‍ ഒതുക്കാനാവാത്ത
ഒരു യാത്രയ്ക്കു തുടക്കമായി.
പകലിന്റെ മിഴിവിലും ഇരുള് പടര്‍ത്തി
പ്രിയമോലും മക്കളെപ്പിന്നിലാക്കി
ഒരു രോദനത്തിന് മുറവിളിയീ-
വരികളൊപ്പിച്ചുള്ള യാത്രയായി.
ഒരു തോളിലേറ്റുന്ന മഞ്ചയൊപ്പം
മനസിലുയരും കദനഭാരം
പിടിവിട്ടു പോകായ്കെനിയ്ക്കുനാളെ
യിതുവഴി പോയിടാനുള്ളതല്ലോ?